ആലപ്പുഴ: നടുവേദന കൊണ്ട് അസ്വസ്ഥരായവർക്ക് ആശ്വാസമേകാൻ കയർ മെത്തയുമായി കയർ കോർപ്പറേഷൻ. വിപണിയിൽ ഇപ്പോഴുള്ള മെത്തയിൽ നിന്ന് വ്യത്യസ്‌തമായി ശരീരത്തിന് അനുയോജ്യമായ നിലയിലാണ് കയർമെത്തയുടെ രൂപകല്പന. കിടന്നാൽ മെത്ത കുഴിഞ്ഞുപോവുകയാേ മേനിക്ക് തകരാർ ഉണ്ടാവുകയോ ചെയ്യില്ല.
മെത്തയ്ക്കുള്ളിൽ ഉണങ്ങിയ തൊണ്ടിന്റെ ചകിരിയാണ് നിറയ്ക്കുക. ചകിരിയുടെ ചുരുളഴിച്ച് നീളത്തിൽ മെത്തയ്ക്കുള്ളിൽ നിറയ്ക്കും. അതിനുമീതേ 20 എം.എമ്മിന്റെ ലാറ്റക്‌സ് സ്‌പോഞ്ചും വിരിക്കും. മുകളിൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന അലങ്കാരം നിറയുന്ന ജെക്കാർഡ് തുണി കൊണ്ട് കവർ ചെയ്യും. മെത്തയ്ക്ക് അഞ്ചുവർഷത്തെ ഗ്യാരന്റിയുണ്ട്. സിംഗിൾ ബെഡ്, ഡബിൾ ബെഡ്, ഫാമിലി ബെഡ് എന്നിങ്ങനെ മൂന്ന് രീതിയിലാണ് നിർമ്മാണം. രണ്ട് ഇഞ്ച് മുതൽ പത്ത് ഇഞ്ച് വരെ ഘനത്തിൽ. ആവശ്യത്തിന് അനുസരിച്ച് അതിന് മുകളിലും നിർമ്മിക്കാനാണ് പദ്ധതി.
ഒരു വർഷത്തിനകം മെത്ത വിപണിയിലിറക്കും. ആഭ്യന്തര വിപണിയാണ് ലക്ഷ്യം. ഗുണമേന്മയും ആകർഷകവുമായ മെത്തയിറക്കുന്നതിലൂടെ ചകിരിയുടെ ഉപയോഗം ഫലപ്രദമാക്കുകയും മറ്റൊരു ലക്ഷ്യമാണ്.
വില ഇങ്ങനെ
മെത്തയുടെ വില 2 ഇഞ്ചിന് : ₹4,083
പത്ത് ഇഞ്ചിന് : ₹50,000
രണ്ട് ഇഞ്ച് മെത്തയുടെ ചെലവ് : ₹1,000 (കൂലി ഉൾപ്പെടാതെ)
പത്ത് ഇഞ്ചിന് ചെലവ് : ₹7,000
പദ്ധതിച്ചെലവ്
മൊത്തം ചെലവ് : ₹26 കോടി
മെഷീൻ സ്ഥാപിക്കാൻ 6000 അടി വിസ്‌തീർണമുള്ള കെട്ടിടം
കെട്ടിടം നിർമ്മിക്കാൻ : ₹16 കോടി
മെഷീൻ വില : ₹10 കോടി
₹10 കോടി
സർക്കാർ വിഹിതം : ₹10 കോടി
ബാങ്ക് വായ്പ : ₹16 കോടി
40 പേർക്ക് പുതുതായി തൊഴിൽ
ഒരു ദിവസം ഉത്പാദിപ്പിക്കുന്നത് 300 മെത്ത
300 മെത്തയ്ക്ക് വേണ്ടിവരുന്നത് 3 ടൺ ചകിരി
''കയർ കോർപ്പറേഷൻ 50-ാം വർഷത്തിലേക്ക് കടക്കുകയാണ്. അതോടനുബന്ധിച്ച്, ആഭ്യന്തര മാർക്കറ്റ് പിടിച്ചെടുക്കാനുള്ള തീവ്രശ്രമത്തിന്റെ ഭാഗമാണ് കയർ മെത്ത"".
ടി.കെ.ദേവകുമാർ,
ചെയർമാൻ,
കേരള സ്‌റ്റേറ്റ് കയർ കോർപ്പറേഷൻ