ambala

 പ്രതിഷേധം ശക്തം, സമരത്തിനൊരുങ്ങി സംഘടനകൾ

അമ്പലപ്പുഴ : പുന്നപ്ര മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ടുള്ള റോഡ് പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനെതിരെ പ്രതിഷേധം ശക്തം. കഴിഞ്ഞ ദിവസം കോൺഗ്രസ് പ്രവർത്തകർ റോഡിൽ റീത്ത് സമർപ്പിച്ച് പ്രതിഷേധിച്ചിരുന്നു. റോഡ് പുനർ നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് പ്രത്യക്ഷ സമരപരിപാടികൾക്കൊരുങ്ങുകയാണ് ബി.ജെ.പി.

മാർക്കറ്റ് ജംഗ്ഷനിൽ നിന്ന് കിഴക്കോട്ട് പരപ്പിൽ ജംഗ്ഷൻ വരെ നീളുന്ന ഈ റോഡിലൂടെ ദിനംപ്രതി നൂറുകണക്കിന് പേരാണ് യാത്ര ചെയ്യുന്നത്.റോഡ് തകർന്നു കിടക്കുന്നതു കാരണം ഓട്ടോറിക്ഷക്കാരും സ്കൂൾ വാഹനങ്ങളും ഇതുവഴി വരാൻ മടിക്കുകയാണ്. കിഴക്കൻ പ്രദേശങ്ങളിലുള്ളവർക്ക് ദേശീയപാതയിലെത്താനുള്ള പ്രധാന റോഡാണിത്.

കുറിയന്നൂർ ശ്രീ ഭദ്രകാളി ക്ഷേത്രം, പുതുശേരി മഠം ദേവിക്ഷേത്രം എന്നിവയിലേക്ക് പോകുന്നത് ഈ റോഡിലൂടെയാണ്.പുന്നപ്ര- പറവൂർ ജുമാ മസ്ജിദ് സ്ഥിതി ചെയ്യുന്നതും ഈ പാതയോരത്താണ്.ഇവിടെ മദ്രസയിലേക്ക് വരുന്ന കൊച്ചുകുട്ടികൾ റോഡിലെ കുഴിയിലകപ്പെട്ട് സൈക്കിളിൽ നിന്നു വീഴുന്നതും പതിവുകാഴ്ചയാണ്. ഇരുചക്ര വാഹനയാത്രക്കാരും സൈക്കിൾ യാത്രികരുമാണ് പൊട്ടിപ്പൊളിഞ്ഞ റോഡിൽ അപകടത്തിൽപ്പെടുന്നവരിലേറെയും.

പാഴായ ആറ് ലക്ഷം

ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിൽ നിന്ന് ആറു ലക്ഷം രൂപ മുടക്കിയാണ് രണ്ട് വർഷത്തോളം മുമ്പ് റോഡ് പുനർ നിർമ്മിച്ചത്. എന്നാൽ മാസങ്ങൾക്കുള്ളിൽ തന്നെ റോഡ് പൊട്ടിപ്പൊളിഞ്ഞു. നിർമ്മാണത്തിലെ അപാകതയാണ് റോഡ് തകരാൻ കാരണമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. കാനയില്ലാത്തതാണ് റോഡ് തകരാൻ ഒരു കാരണം. ദേശീയപാതയിൽ നിന്നുള്ള വെള്ളം ഒഴുകിയെത്തുന്നത് ഈ റോഡിലേക്കാണ് . ഈ വെള്ളം ഒഴുകിപ്പോകാൻ കാന നിർമ്മിച്ചാലേ ഇതിന് ശാശ്വത പരിഹാരമാകുകയുള്ളൂ. മാർക്കറ്റ് ജംഗ്ഷൻ മുതൽ കിഴക്കോട്ട് കാനനിർമ്മിച്ച് മുണ്ടുകാട്ടിൽ തോടുമായി ബന്ധിപ്പിച്ചാൽ നീരൊഴുക്ക് സുഗമമാകുമെന്ന് നാട്ടുകാർ പറയുന്നു.

''കാനയോടു കൂടി റോഡ് പുനർനിർമ്മിക്കണം. ഈ ആവശ്യമുന്നയിച്ച് അടുത്തദിവസം മുതൽ സമരം ആരംഭിക്കും

എം. ഹർമ്യലാൽ, വി വിനോദ്

ബി.ജെ.പി പുന്നപ്ര തെക്ക് പഞ്ചായത്ത് ഭാരവാഹികൾ