photo

അരൂർ: ഇറാനി ഹോട്ടൽ ഉടമയെയും കുടുംബത്തെയും വീട്ടിൽ കയറി ആക്രമിച്ച നാലംഗ സംഘത്തിലെ മൂന്ന് പേർ പിടിയിലായി. അരൂർ അമ്മനേഴം തൈയിൽ കൂമ്പിൽ അനീഷ് (36), വലിയപറമ്പിൽ അഗസ്റ്റിൻ ജെറാൾഡ് (26), കാരപ്പറമ്പിൽ ഷാനു (26) എന്നിവരെ ആലുവയിൽ നിന്ന് ചേർത്തല ഡിവൈ.എസ്.പി എ.ജി.ലാലിന്റെ നേതൃത്വത്തിൽ അരൂർ എസ്‌.ഐ കെ.എൻ.മനോജും സംഘവുമാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് ബിരിയാണി നൽകാത്തതിന്റെ പേരിൽ ഇറാനി ഹോട്ടൽ ഉടമ അരൂർ പൂജപ്പുര ഇറാനി വീട്ടിൽ അഹമ്മദ് കബീറിനെ നാലംഗ സംഘം ആക്രമിച്ചത്.അക്രമം തടയുന്നതിനിടെ അഹമ്മദ് കബീറിന്റെ ഭാര്യ ഹസീമയ്ക്കും മകൻ റൗഫ് റഹ്മാനും ഗുരുതരമായി പരിക്കേറ്റിരുന്നു. വീട്ടുവളപ്പിൽ നിർത്തിയിട്ടിരുന്ന കാറും അടിച്ചു തകർത്തു.
പരിക്കേറ്റ മൂന്നു പേരും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഘം പതിവായി പണം നൽകാതെയാണ് ക്ഷേത്രം കവലക്കു സമീപമുള്ള ഇറാനി ഹോട്ടലിൽ നിന്നു ബിരിയാണി വാങ്ങിയിരുന്നത്. ഹോട്ടൽ മാനേജർ ഇത് ചോദ്യം ചെയ്തതാണ് ആക്രമണത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.പ്രതികളെ ഇന്ന് ചേർത്തല കോടതിയിൽ ഹാജരാക്കും. സ്‌ക്വാഡ് അംഗങ്ങളായ മനോജ് കൃഷ്ണൻ, വി.വി.ജിതിൻ, പ്രവീഷ്, അനൂപ് എന്നിവരും ഡിവൈ.എസ്.പിയോടെപ്പം ഉണ്ടായിരുന്നു.