photo

ചേർത്തല: വർഷങ്ങളായി തകർന്ന് സഞ്ചാരയോഗ്യമല്ലാതായി കിടന്ന പള്ളിപ്പുറം പഞ്ചായത്ത് നാലാം വാർഡ് കൃഷിഭവൻ-കുന്നേപറമ്പ് റോഡിന് ശാപമോക്ഷം. ഹാർബർ എൻജിനിയറിംഗ് വിഭാഗം പുനർ നി​ർമാണത്തി​ന് 26 ലക്ഷം രൂപ അനുവദിച്ചതോടെയാണി​ത്.

കാലങ്ങളായുള്ള നാട്ടുകാരുടെ ആവശ്യമാണ് ഇതോടെ പൂവണിയുന്നത്. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സിന്ധു വിനുവിന്റെ ഇടപെടലിനെ തുടർന്ന് ഹാർബർ എൻജിനിയറിംഗ് വിഭാഗം 26 ലക്ഷം രൂപ അനുവദിച്ചു. ആകെ 815 മീറ്റർ ദൂരമുള്ള റോഡിന്റെ 615 മീറ്റർ ദൂരം മെറ്റലിംഗ്, ടാറിംഗ്,കല്ല് കെട്ട് ഉൾപ്പടെ പൂർത്തിയാക്കുന്നതിനാണ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിർദ്ദേശ പ്രകാരം തുക അനുവദിച്ചത്.

റോഡിന്റെ തുടക്കത്തിലുള്ള 200 മീറ്റർ ഭാഗം പുനർ നിർമ്മിക്കുന്നതിനായി വയലാർ രവി എം.പി 4 ലക്ഷം രൂപ അനുവദിച്ചിരുന്നു.ഇതിന്റെ നിർമ്മാണം ആരംഭിച്ചു.

മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെ തിങ്ങി പാർക്കുന്ന ഈ പ്രദേശം കാലങ്ങളായി അവഗണനയുടെ വക്കിലായിരുന്നുവെന്നാണ് ആക്ഷേപം. പഞ്ചായത്തിലെ ടാർ ചെയ്യാത്ത ചുരുക്കം ചില റോഡുകളിൽ ഒന്നാണിത്.ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായിരുന്നു.മഴപെയ്താൽ വെള്ളം കെട്ടി നിന്ന് റോഡ് ഏത് കുഴിയേത് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രാദേശിക തലത്തിൽ നിരവധി പ്രതിഷേധ സമരങ്ങൾ അരങ്ങേറിയിരുന്നു.ഇതിനെ തുടർന്നായരുന്നു ജില്ലാ പഞ്ചായത്ത് അംഗത്തിന്റെയും വയലാർ രവി എം.പിയുടെയും ഇടപെടലുകൾ.

..........

പൊട്ടിപ്പൊളിഞ്ഞ റോഡ് പുനർ നിർമ്മിക്കണമെന്ന് കാലങ്ങളായി നാട്ടുകാർ ആവശ്യപ്പെടുന്നതാണ്.സ്ഥലം വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട് ചില ആക്ഷേപങ്ങൾ ഉയർന്നിരുന്നു.ഇതിനാൽ പ്രദേശ വാസികളെ മുഴുവൻ പങ്കെടുപ്പിച്ച് പ്രത്യേക യോഗം ചേർന്ന ശേഷമാണ് റോഡിന്റെ പുനർ നിർമ്മാണത്തിന് നിർദ്ദേശം സമർപ്പിച്ചത്.മന്ത്രി മേഴ്സിക്കുട്ടിയമ്മ പ്രത്യേക താത്പര്യമെടുത്ത് 26 ലക്ഷം രൂപ അനുവദിക്കുകയായിരുന്നു.

സിന്ധു വിനു,

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ

......................................

26

കൃഷിഭവൻ-കുന്നേപറമ്പ് റോഡിന്

അനുവദി​ച്ചത് 26 ലക്ഷം രൂപ

.................................

815

815 മീറ്റർ ദൂരമുള്ള റോഡിന്റെ 615 മീറ്റർ ദൂരം

പുനർ നി​ർമി​ക്കും