ആലപ്പുഴ : നല്ലൊരു ചാകരക്കോളിനായി കാത്തിരിക്കുകയാണ് തീരദേശം. മത്സ്യത്തൊഴിലാളികളുടെ കാലിയായ കൈകളിൽ ഇനി പണമെത്തണമെങ്കിൽ ചാകര വരണം. ട്രോളിംഗ് നിരോധനകാലത്ത് തീരത്തുള്ള ഏക ആശ്വാസമാണ് ചാകരക്കാലം.
എല്ലാ മൺസൂൺ കാലങ്ങളിലും ജില്ലയിൽ ഏതെങ്കിലും ഭാഗങ്ങളിൽ ചാകര തെളിയാറുണ്ട്. വറുതിയിലാണ്ട തീരം കരകയറുന്നത് ഈ ചാകരക്കാലത്തിലൂടെയാണ്. എന്നാൽ, ഇക്കുറി നീർക്കുന്നം , പുറക്കാട് ഭാഗങ്ങളിൽ ചാകരയുടെ ലക്ഷണം കണ്ടിരുന്നെങ്കിലും പ്രതീക്ഷിച്ച പോലെ മീൻ പെയ്ത്തുണ്ടായില്ല. പുന്നപ്ര ചള്ളി, പുറക്കാട്,പറവൂർ ഗലീലിയ തുടങ്ങിയ പ്രദേശങ്ങളിലാണ് മുൻകാലങ്ങളിൽ ചാകരക്കോള് ലഭിച്ചിരുന്നത്.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ഇപ്പോൾ മത്സ്യബന്ധനം നടത്താൻ അനുവാദമുണ്ടെങ്കിലും കടലിൽ പോകുന്ന വള്ളങ്ങൾക്ക് കാര്യമായ കോള് കിട്ടുന്നില്ല. കാലാവസ്ഥ മോശമായ സമയങ്ങളിൽ ജീവൻ പണയം വച്ചാണ് തൊഴിളാളികൾ മത്സ്യബന്ധനത്തിന് പോകുന്നത്. കടൽക്ഷോഭമുണ്ടാകാൻ സാദ്ധ്യതയുള്ള സമയങ്ങളിൽ പരമ്പരാഗത യാനങ്ങൾ കടലിലിറക്കുന്നതിനും നിയന്ത്രണമുണ്ട്.
ജൂൺ,ജൂലായ് മാസങ്ങളിലെ ചാകര സീസൺ മുന്നിൽ കണ്ട് ലക്ഷങ്ങൾ കടം വാങ്ങി വള്ളത്തിന്റെയും വലയുടെയും അറ്റകുറ്റപ്പണി നടത്തിയ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പ്രതീക്ഷിച്ച പോലെ മത്സ്യം ലഭിക്കാത്തതിനാൽ ദുരിതത്തിലാണ് ഇപ്പോൾ. ഒപ്പം കടത്തിന്റെ ബാദ്ധ്യതയും ഇരട്ടിക്കുന്നു. മഴയുടെ കുറവും ഉപരിതല മത്സ്യങ്ങളായ മത്തിയുടെയും അയലയുടെയും ലഭ്യതക്കുറവുമാണ് മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷകൾ തെറ്റിച്ചത്.
ജില്ലയിൽ മത്സ്യലഭ്യത കുറഞ്ഞത് കാരണം മത്സ്യത്തൊഴിലാളികൾ കൊച്ചി, ചെല്ലാനം തുടങ്ങിയ ഹാർബറുകളിൽ പോയി ജോലി ചെയ്യുകയാണ് ഇപ്പോൾ. ജില്ലയുടെ തീരപ്രദേശത്തു നിന്ന് കുറച്ച് വള്ളങ്ങൾ മാത്രമേ ഇപ്പോൾ കടലിൽ പോകുന്നുള്ളൂ.
ഇന്ധന ചെലവും കട്ടി
ഇന്ധന ചെലവിനത്തിലും വലിയ തുകയാണ് ഓരോ ദിവസവും ചെലവാകുന്നത്. കടലിൽ മത്സ്യബന്മനത്തിന് പോയി മടങ്ങിയെത്തുമ്പോൾ ഈ തുക പോലും പലപ്പോഴും ലഭിക്കാറില്ല
30,000 : 40-50 തൊഴിലാളികൾ ജോലിയെടുക്കുന്ന ഇൻബോർഡ് വള്ളങ്ങൾക്ക് ഒരു ദിവസം ഇന്ധനത്തിന് 30,000 രൂപയോളം ചെലവു വരും.
12000 : 25-35 പേർ ജോലി ചെയ്യുന്ന വീഞ്ച് വള്ളങ്ങൾക്ക് 12000 രൂപ ചെലവാകും.
വലവിരിച്ച് ഇടനിലക്കാരും
കടലിനോട് പോരടിച്ച് മത്സ്യം കരക്കെത്തിക്കുമ്പോൾ തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഇടനിലക്കാരും തീരത്ത് സജീവമാണ്. കുറഞ്ഞ വിലയ്ക്ക് മത്സ്യത്തൊഴിലാളികളിൽ നിന്ന് മീൻ മൊത്തമായി വാങ്ങിയ ശേഷം വലിയ വിലയ്ക്കാണ് ഇവർ ഇത് മറിച്ചു വിൽക്കുക.
ആദ്യം കരയ്ക്കെത്തുന്ന കുറച്ചു വള്ളങ്ങൾക്ക് മാത്രമേ ന്യായമായ വില ലഭിക്കാറുള്ളൂവെന്നു തൊഴിലാളികൾ പറയുന്നു. കായംകുളം ഹാർബറിൽ ഒരു കുട്ട കൊഴുവയ്ക്ക് (50 കിലോ) 1500 രൂപ മുതൽ 2000 വരെ നൽകിയാണ് ഇടനിലക്കാർ വാങ്ങുന്നത്. ഇവ പൊതുവിപണിയിൽ കൊണ്ടുവന്ന് വിൽക്കുന്നത് ഒരുകിലോയ്ക്ക് 100 രൂപ മുതൽ 120 രൂപ വരെ ഈടാക്കിയാണ്. 50 കിലോ ഇങ്ങനെ വിൽക്കുമ്പോൾ കിട്ടുന്നത് 6000 രൂപ. ലാഭം 4000 രൂപ.
'' ഇതുവരെ പ്രതീക്ഷിച്ച കോള് ലഭിച്ചിട്ടില്ല. കായംകുളം,കൊച്ചി,ചെല്ലാനം എന്നീ ഹാർബറുകളിൽ ഇടനിലക്കാരുടെ ഇടപെടൽ കൂടുതലാണ്. ഞങ്ങളുടെ കൈയിൽ നിന്ന് തുച്ഛമായ രൂപയ്ക്ക് മീൻ വാങ്ങി നാലും അഞ്ചും ഇരട്ടി വിലയ്ക്കാണ് ഇവർ വിൽക്കുന്നത്
- മത്സ്യത്തൊഴിലാളികൾ