ഹരിപ്പാട്: കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും അധികൃതർ കണ്ട ഭാവമില്ല, പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്. മുട്ടം-പള്ളിപ്പാട് റോഡിൽ പള്ളിപ്പാട് കൃഷിഭവന് സമീപമാണ് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നത്. മൂന്നാഴ്ചയ്ക്ക് മുമ്പ് പൈപ്പ് പൊട്ടിയെങ്കിലും ഇതുവരെയും തകരാർ പരിഹരിച്ചിട്ടില്ല. പൈപ്പ് പൊട്ടി ഒഴുകുന്ന വെള്ളം കൃഷി ഭവന് മുമ്പിൽ കെട്ടികിടന്ന് ഇവിടെ എത്തുന്നവർക്ക് ബുദ്ധിമുട്ടാകുകയാണ്. കാർഷിക മേഖലയായ പള്ളിപ്പാട് ദിവസവും നിരവധി പേരാണ് കാർഷിക ആവശ്യങ്ങൾക്കായി കൃഷി ഓഫീസിൽ എത്തുന്നത്. നാട്ടുകാരും കൃഷി ഭവനിലെ ഉദ്യോഗസ്ഥരും ഉൾപ്പടെ നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജില്ലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ പ്രധാനപ്പെട്ടതാണ് പള്ളിപ്പാട് പഞ്ചായത്ത്. മഴക്കാലമായിട്ടും കുടിവെള്ളത്തിനായി നാട്ടുകാർ നെട്ടോട്ടമോടുമ്പോഴാണ് അധികാരികളുടെ നിസംഗത കാരണം ലിറ്റർ കണക്കിന് കുടിവെള്ളമാണ് പാഴാകുന്നത്.
മലിന ജലം ടാപ്പിൽ!
മറ്റ് രണ്ട് പ്രശ്നങ്ങളാണ് മലിന ജലം പൈപ്പിൽ കൂടി കയറുന്നതും റോഡ് തകർച്ചയും.
പമ്പിംഗ് ഇല്ലാത്ത സമയത്ത് പൊട്ടിയ പൈപ്പിൽ കൂടി മലിനജലം തിരികെ കയറുന്നത് വലിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇടയാക്കും. കൂടാതെ ലക്ഷങ്ങൾ മുടക്കി നിർമ്മിച്ച റോഡും തകർന്ന് തുടങ്ങിയിരിക്കുകയാണ്.
കുടിവെള്ളമില്ലാതെ വലിയ കഷ്ടപ്പാടിലാണ്. എത്രയും വേഗം പൈപ്പ് ലൈനിലെ തകരാർ പരിഹരിച്ച് കുടിവെള്ളം ലഭ്യമാക്കണം.
നാട്ടുകാർ
നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് തകരാർ പരിഹരിക്കുന്നതിനായി ലൊക്കേഷൻ സ്കെച്ച് ഉൾപ്പടെ അനുമതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സബ് ഡിവിഷനിലേക്ക് കത്ത് നൽകിയിട്ടുണ്ട്. പി.ഡബ്ള്യു.ഡിയിൽ നിന്നും അനുമതി ലഭിച്ചാൽ മാത്രമേ തകരാർ പരിഹരിക്കാൻ കഴിയൂ. ഈ ലെറ്റർ പി.ഡബ്യു.ഡിയ്ക്ക് കൈമാറി അനുമതി ലഭിക്കണം.
ഹരിപ്പാട് സെക്ഷൻ ഓഫീസ് അധികൃതർ