നിർമ്മാണം പൂർത്തിയായ കെട്ടിടം നോക്കുകുത്തി
ആലപ്പുഴ: തീരദേശ വാസികൾക്ക് ആശ്രയമായ തോട്ടപ്പള്ളി പ്രാഥമിക ആരോഗ്യ കേന്ദ്രം അവഗണനയുടെ നടുവിൽ. മത്സ്യ-കയർ-കർഷക തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന ഏക സർക്കാർ ആശുപത്രിയാണിത്. പ്രതിദിനം 300ൽ അധികം രോഗികൾ ചികിത്സ തേടി എത്തുന്നുണ്ട്. സ്ഥിരമായി ഡോക്ടറും മറ്റ് ജീവനക്കാരും വേണ്ടത്ര മരുന്നും ഉണ്ടെങ്കിലും കിടത്തി ചികിത്സയ്ക്കുള്ള അടിസ്ഥാന സൗകര്യവും മതിയായ ജീവനക്കാരുമില്ല. നിലവിലെ ഡോക്ടർ അവധിയെടുത്താൽ രോഗികൾ നിരാശയോടെ മടങ്ങേണ്ട അവസ്ഥയാണ്.
1962ൽ ആർ.ശങ്കർ മുഖ്യമന്ത്രിയായിരിക്കെയാണ് ഫിഷറീസ് ഡിസ്പൻസറി പ്രവർത്തനം തുടങ്ങിയത്. 1987ൽ എൽ.ഡി.എഫ് സർക്കാർ 10 കിടക്കകളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രമാക്കി. 32 വർഷം കഴിഞ്ഞിട്ടും കിടത്തി ചികിത്സ തുടങ്ങിയില്ല. പ്രദേശത്തുള്ളവർ അടിയന്തര ഘട്ടങ്ങളിൽ സമീപത്തെ സ്വകാര്യ ആശുപത്രികളെയോ 18 കിലോമീറ്റർ അകലെയുള്ള ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയെയോ ആശ്രയിക്കേണ്ടി വരുന്നു. എ.കെ. ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 26 ലക്ഷം ചെലവഴിച്ച് 25 രോഗികളെ കിടത്തിചികിത്സിക്കാനുള്ള സൗകര്യത്തോടുകൂടിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു.
# താലൂക്ക് ആശുപത്രിയാക്കണം
അമ്പലപ്പുഴ കച്ചേരിമുക്കിൽ പ്രവർത്തിച്ചിരുന്ന അമ്പലപ്പുഴ താലൂക്ക് ആശുപത്രി ആലപ്പുഴ മെഡിക്കൽ കോളേജ് ഹെൽത്ത് സെന്ററായി ഉയർത്തിയതോടെ അമ്പലപ്പുഴയ്ക്ക് താലൂക്ക് ആശുപത്രി നഷ്ടമായി. തോട്ടപ്പള്ളി, കരുവാറ്റ പ്രദേശങ്ങളിൽ വാഹന അപകടങ്ങൾ പതിവാണ്. ഹരിപ്പാട് താലൂക്ക് ആശുപത്രി, മെഡിക്കൽ കോളേജ് ആശുപത്രി എന്നിവയ്ക്ക് മദ്ധ്യഭാഗത്താണ് തോട്ടപ്പള്ളി പി.എച്ച്.സി പ്രവർത്തിക്കുന്നത്. അപകടത്തിൽപ്പെടുന്നവർക്ക് വേഗം പ്രാഥമിക ചികിത്സ ലഭ്യമാവുന്ന ആശുപത്രിയായി തോട്ടപ്പള്ളി പി.എച്ച്.സിയുടെ പ്രവർത്തനം വിപുലമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
താലൂക്ക് ആശുപത്രി എന്ന നിലയിൽ പ്രവർത്തിക്കാൻ ആവശ്യമായ കെട്ടിട സമുച്ചയവും ജീവനക്കാർക്കുള്ള സൗകര്യങ്ങളും ഇവിടെയുണ്ട്.
.............................
'മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് ഗുണകരമാവും വിധം ആശുപത്രി പ്രവർത്തന സജ്ജമാക്കണം. നിലവിലെ സാഹചര്യം മെച്ചപ്പെടുത്താൻ സർക്കാർ അടിയന്തരമായി ഇടപെടണം'
സുരേഷ് കുമാർ, തോട്ടപ്പള്ളി