ടാറിംഗ് പെട്ടന്ന് പൊളിയുന്നത് ഒഴിവാകും
ആലപ്പുഴ: സംസ്ഥാനത്തെ പൊതുമരാമത്ത് റോഡുകളുടെ നിർമ്മാണത്തിന് കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ പൊതുമരാമത്ത് വകുപ്പും കയർ കോർപ്പറേഷനും തമ്മിൽ 200 കോടിയുടെ കരാറിന് ധാരണയായി. ഭൂമിക്കടയിൽ നിന്നുള്ള ഈർപ്പം മൂലം ടാറിംഗ് പെട്ടന്ന് പൊളിയുന്ന സാഹചര്യം ഒഴിവാക്കാൻ കയർ ഭൂവസ്ത്രം ഉപയോഗിക്കുന്നതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ.
മെറ്റൽ നിരത്തിയ ശേഷം മെറ്റൽ ഉൾപ്പെടുന്ന ടാർ മിശ്രിതം കലർത്തി നിരപ്പാക്കി, തുടർന്ന് ടാർ സ് പ്രേ ചെയ്താണ് സാധാരണ ഗതിയിൽ റോഡ് നിർമ്മാണം. മഴക്കാലത്ത് അടിയിൽ നിന്ന് ഈർപ്പമുണ്ടായി മണ്ണ് ഇളകിയാണ് റോഡ് പൊളിയുന്നത്. കയർ ഭൂവസ്ത്രം റോഡിൽ വിരിച്ച് അതിന് മുകളിൽ മെറ്റലിട്ട് ടാർ ചെയ്താൽ അടിയിൽ നിന്നുള്ള ഈർപ്പം കയർ ഭൂവസ്ത്രം പിടിച്ചെടുക്കും. അതുകൊണ്ടുതന്നെ റോഡിന് കുഴപ്പമുണ്ടാവില്ല. വർഷങ്ങളോളം കയർ ഭൂവസ്ത്രം മണ്ണിനടിയിൽ കേടാകാതെ കിടക്കുന്നതുമൂലം റോഡിൻെറ ആയുസും നീളും.
കയർ മേഖലയ്ക്ക് കരാർ പുത്തൻ ഉണർവ് നൽകും. കയർ തൊഴിലാളികൾക്ക് കൂടുതൽ തൊഴിൽദിനങ്ങൾ ഉറപ്പാക്കാനുമാവും. രണ്ട് ലക്ഷം അംഗീകൃത കയർ തൊഴിലാളികളാണ് സംസ്ഥാനത്തുള്ളത്. അംഗീകാരമില്ലാതെ വീടുകളിൽ കയർ പിരിക്കുന്നവർ വേറെയും. വിദേശ രാജ്യങ്ങളിൽ റോഡ് നിർമ്മാണത്തിന് കയർ ഉപയോഗിക്കാൻ തുടങ്ങിയിട്ട് 34 വർഷമായി. കേരളത്തിലെ കയർ ഉത്പന്നങ്ങളിൽ 37 ശതമാനവും കയറ്റി അയയ്ക്കുന്നത് ആസ്ട്രേലിയ, ബ്രിട്ടൻ, അമേരിക്ക, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്. അവിടെ നീർത്തട സംരക്ഷണത്തിനും റോഡ് നിർമ്മാണത്തിനും കയർ ഭൂവസ്ത്രമാണ് ഉപയോഗിക്കുന്നത്. അതിന്റെ ഗുണം അവിടത്തെ റോഡുകളിലുണ്ട്.
പരീക്ഷണം ആലപ്പുഴയിൽ
കയർ ഭൂവസ്ത്രം പരീക്ഷണാടിസ്ഥാനത്തിൽ ആദ്യമായി ഉപയോഗിച്ചത് ആലപ്പുഴയിലെ മാരാരിക്കുളത്തും ഓമനപ്പുഴയിലുമാണ്. ഇത് വിജയിച്ചതോടെയാണ് കയർ ഭൂവസ്ത്രം സംസ്ഥാനത്ത് വ്യാപകമാക്കാൻ സർക്കാർ തീരുമാനിച്ചത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കയർഭൂവസ്ത്രം റോഡ് നിർമ്മാണത്തിന് ആദ്യമായി ഉപയോഗിച്ചത് മുതുകുളം, മാരാരിക്കുളം തെക്ക് പഞ്ചായത്തുകളിലാണ്. കുളങ്ങളും തോടുകളും സംരക്ഷിക്കുന്നതിന് മണലും സിമന്റും ഉപയോഗിക്കുന്നതിനു പകരം കയർഭൂവസ്ത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് പഠനങ്ങൾ പറയുന്നു. സംസ്ഥാനത്ത് എഴുന്നൂറിലധികം പഞ്ചായത്തുകൾ കയർ ഭൂവസ്ത്രം ഉപയോഗിക്കാൻ സന്നദ്ധമായിട്ടുണ്ട്.
...............................................
'പുതിയൊരു ചുവട് വയ്പാണിത്. കയർ കോർപ്പറേഷന് സർക്കാരിൽ നിന്ന് കിട്ടിയ വലിയ കരാറുമാണ്. റോഡുകളുടെ മുഖഛായ തന്നെ മാറും. ക്രമേണ ദേശീയപാതയും പഞ്ചായത്ത് റോഡുകളും അടക്കം എല്ലാ റോഡുകളും ഈ രീതിയിലേക്ക് മാറണമെന്നാണ് ആഗ്രഹം'
(ടി.കെ.ദേവകുമാർ, ചെയർമാൻ,
കേരള സ്റ്റേറ്റ് കയർ കോർപ്പറേഷൻ)