ആലപ്പുഴ: സമനില തെറ്റിയ അവസ്ഥയിലാണ് കേരളത്തിലെ സി.പി.എം എന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരൻ പിള്ള പറഞ്ഞു. എൻ.ഡി.എ ജില്ലാ നേതൃയോഗത്തിനുശേഷം മാദ്ധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് ആർക്കും വേണ്ടാത്ത പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുന്നു. സംസ്ഥാന പൊലീസ് സേനയിൽ ഒറ്റുകാരുണ്ടെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവരെ കണ്ടെത്തി നടപടി സ്വീകരിക്കണം.

പിണറായി മലർന്നു കിടന്നു തുപ്പുകയാണ്. സ്റ്റാലിൻ പോലും ചെയ്യാത്ത ക്രൂരതയാണ് പിണറായി വിജയൻ കേരള സമൂഹത്തോട് ചെയ്യുന്നത്. ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന സി.പി.എം സ്റ്റാലിനിസം അവസാനിപ്പിക്കണം.
നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എക്ക് പല സീററുകളിലും തികഞ്ഞ വിജയപ്രതീക്ഷയാണെന്ന് യോഗത്തിൽ പങ്കെടുത്ത ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എയ്ക്ക് കോന്നി നിയമസഭാ മണ്ഡലത്തിൽ യു.ഡി.എഫുമായി മൂന്ന് വോട്ടിന്റെയും എൽ.ഡി.എഫുമായി നിസാരവോട്ടിന്റെയും വ്യത്യാസം മാത്രമാണ് ഉണ്ടായിരുന്നത്. അന്നത്തേതിനേക്കാൾ എൻ.ഡി.യ്ക്ക് അനുകൂലമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. മുന്നണിയിൽ ബി.ഡി.ജെ.എസ് പൂർണ തൃപ്തരാണ്. അരൂർ സീററ് ബി.ഡി.ജെ.എസിന്റേതാണെങ്കിലും സീററുകൾ വച്ചുമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ മുന്നണി ചർച്ചചെയ്ത ശേഷമേ തീരുമാനിക്കുകയുള്ളൂവെന്നും തുഷാർ പറഞ്ഞു.