photo

 നഗരത്തിലും പരിസരത്തും കുടിവെള്ളം മുടങ്ങിയിട്ട് രണ്ടു ദിവസം

ചേർത്തല: തിരക്കേറിയ വടക്കേഅങ്ങാടി കവലയിൽ ജപ്പാൻ കുടിവെള്ള പൈപ്പ് പൊട്ടി ഗതാഗതം താറുമാറായി. നഗരത്തിൽ രണ്ടു ദിവസമായി കുടിവെള്ള വിതരണവും മുടങ്ങി.

ജല അതോറിട്ടിയുടെ നേതൃത്വത്തിൽ അടിയന്തരമായി അ​റ്റകു​റ്റപ്പണികൾ ആരംഭിച്ചെങ്കിലും കനത്തമഴയും ഗതാഗത തിരക്കും കാരണം പ്രവർത്തനങ്ങൾ വളരെ മന്ദഗതിയിലാണ് നടക്കുന്നത്. ഇന്നലെ വൈകിട്ടോടെ വലിയ വാഹനങ്ങൾ നിരോധിച്ച് ചെറിയ വാഹനങ്ങൾ മാത്രം കടത്തിവിട്ട് ഗതാഗതം ക്രമീകരിച്ചു. നഗരത്തിലേക്ക് എത്തുന്നതും പോകുന്നതുമായ കെ.എസ്.ആർ.ടി.സി സർവീസുകൾ എക്സ്റേ ജംഗ്ഷൻ വഴി ദേശീയപാതയിലൂടെയാണ് കടത്തി വിട്ടത്. രാവിലെ മുതൽ രൂക്ഷമായ ഗതാഗത കുരുക്കാണ് വടക്കേ അങ്ങാടി കവലയിൽ അനുഭവപ്പെട്ടത്. തുടർന്നാണ് ചേർത്തല സി.ഐ വി.പി.മോഹൻലാലിന്റെ നേതൃത്വത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്. പൈപ്പ് പൊട്ടൽ പരിഹരിക്കുന്നതുവരെ നിയന്ത്രണം തുടരുമെന്ന് പൊലീസ് പറഞ്ഞു.

ബുധനാഴ്ച ഉച്ചയോടെയാണ് പൈപ്പുപൊട്ടിയത്. രാത്രിയിൽ അ​റ്റകു​റ്റപ്പണികൾക്കുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചെങ്കിലും കനത്ത മഴയെത്തിയതോടെ താളംതെ​റ്റി. ഇന്നലെ വൈകിട്ടോടെ ജെ.സി.ബി എത്തിച്ച് കുഴി വലുതാക്കി. രാത്രി വൈകിയും ജോലി പുരോഗമിക്കുകയാണ്. കുടിവെള്ളം മുടങ്ങുന്നത് സംബന്ധിച്ച് ജല അതോറിട്ടി മുന്നറിയിപ്പ് നൽകാത്തതിനെതിരെ പ്രതിഷേധവും ഉയർന്നിട്ടുണ്ട്. നഗരത്തിനു പുറമേ സമീപ പഞ്ചാത്തുകളിളും നഗരത്തോടു ചേർന്നുള്ള പ്രദേശങ്ങളിലും കുടിവെള്ള വിതരണം മുടങ്ങി. കഴിവതും വേഗം പ്രവർത്തനങ്ങൾ പൂർത്തിയാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് അധികൃതർ പറഞ്ഞു.

......................................

'നിലവാരമില്ലാത്ത പൈപ്പ് കുടിവെള്ള വിതരണത്തിന് ഉപയോഗിച്ചതാണ് അടിക്കടിയുണ്ടാകുന്ന പൊപ്പ്പൊട്ടലിന് കാരണം. അടിയന്തരമായി അറ്റകുറ്റപ്പണി പൂർത്തിയാക്കി നഗരത്തിലെ ഗതാഗത തടസം ഒഴിവാക്കാൻ അധികൃതർ തയ്യാറാകണം'

(വേളോർവട്ടം ശശികുമാർ, ചെയർമാൻ, ദക്ഷിണ മേഖല ഓൾ പാസഞ്ചേഴ്സ് അസോസിയേഷൻ)