ചേർത്തല: കണ്ടമംഗലം ആറാട്ടുകുളം ശക്തിവിനായക ക്ഷേത്രത്തിൽ ആഗസ്റ്റ് ഒന്നു മുതൽ അഞ്ചുവരെ പളളിക്കൽ സുനിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കുന്ന പഞ്ചദിന ഗണേശ മഹാസത്രത്തിനുള്ള ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ.
ദക്ഷിണേന്ത്യയിലെ പ്രശസ്ത ക്ഷേത്രങ്ങളിലെ തന്ത്റിമാരാണ് ഓരോ ദിവസവും മഹാഗണപതി ഹോമത്തിനും സമൂഹ ഗണപതി ഹോമത്തിനും മുഖ്യകാർമ്മികത്വം വഹിക്കുന്നത്. മൂകാംബിക ക്ഷേത്രം തന്ത്റി ഡോ.രാമചന്ദ്ര അഡിക, പഴനി ക്ഷേത്രം തന്ത്റി പണ്ഡിതർ അമൃത ലിംഗ അയ്യർ, ശബരിമല ക്ഷേത്രം തന്ത്റി കണ്ഠരര് രാജീവരര്,മള്ളിയൂർ ഗണപതി ക്ഷേത്രം തന്ത്റി മള്ളീയൂർ പരമേശ്വരൻ നമ്പൂതിരി, സൂര്യകാലടി മന സുബ്രഹ്മണ്യൻ നമ്പൂതിരി, ഡോ.കാരുമാത്ര വിജയൻ തന്ത്റി, ജിതിൻ ഗോപാൽ തന്ത്റി, പി കെ.ചന്ദ്രദാസ് ശാന്തി എന്നിവരാണ് സത്ര ദിനങ്ങളിലെ ഗണപതി ഹോമങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിക്കുന്നത്. ജൂലായ് 27 ന് കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ നിന്ന് വിഗ്രഹ രഥ ഘോഷയാത്രയും മള്ളിയൂർ ഗണപതി ക്ഷേത്രത്തിൽ നിന്ന് ഭദ്റദീപ രഥഘോഷയാത്രയും ആരംഭിക്കും. 28 ന് ഇരു ഘോഷയാത്രകളുടെയും ദേശപ്രദക്ഷിണം കളവംകോടം ശക്തീശ്വരം ക്ഷേത്രത്തിൽ നിന്നു തുടങ്ങും. 29 ന് കൊടിമര ഘോഷയാത്ര പടിഞ്ഞാറെ കൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്ന് ആരംഭിക്കും. സത്ര പതാക 30 ന് ഒളതല ഘണ്ടാകർണ്ണക്ഷേത്രത്തിൽ നിന്ന് ഘോഷയാത്രയായി എത്തിക്കും. 31ന് വൈകിട്ട് 4ന് കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രത്തിൽ നിന്ന് ശക്തിവിനായക ക്ഷേത്രത്തിലേക്ക് ഘോഷയാത്ര നടക്കും. തുടർന്ന് സത്ര സമാരംഭ സമ്മേളനനം. സത്രത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് മൂന്ന് നേരവും ഭക്ഷണം നൽകാനുള്ള വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് സംഘാടക സമിതി ചെയർമാൻ പി.എസ്.രാജീവ്, ഉപദേശക സമിതി ചെയർമാൻ എൻ.രാമദാസ്, ചീഫ് കോ-ഓർഡിനേറ്റർ പി.ഡി.ഗഗാറിൻ, ജനറൽ കൺവീനർ കെ.ഡി.ജയരാജ് എന്നിവർ പറഞ്ഞു.