ചേർത്തല: സ്മാർട്ട് ഫോൺ ഉപഭോക്താക്കളെ കോർത്തിണക്കി തണ്ണീർമുക്കം പഞ്ചായത്തിന്റെ പുതിയ സംരംഭം. പഞ്ചായത്തിലെ 23 വാർഡുകളും സ്മാർട്ട് വാർഡുകൾ ആക്കുകയാണ് ലക്ഷ്യം.
ഇതിന്റെ ഭാഗമായി നടന്ന ശില്പശാലയിൽ പഞ്ചായത്തിലെ സ്മാർട്ട്‌ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കളുടെ ക്ലബ്ബുകൾ രൂപീകരിച്ചു. ഓരോ വാർഡിലും ചേർത്തല മൊബൈൽ സെന്ററും ഗ്രാമപഞ്ചായത്തും ചേർന്നുള്ള 'തണ്ണീർമുക്കം യൂത്ത് വൈഫൈ' ജംഗ്ഷനുകൾ സ്ഥാപിക്കും. സൗജന്യ വൈഫൈ കണക്ഷനുകൾ ചേർത്തല മൊബൈൽ സെന്റർ നൽകും. പ്ലാസ്റ്റിക്ക് നിർമ്മാർജ്ജനം, തെരുവിളക്ക് തെളിയിക്കൽ, ശുദ്ധജല വിതരണം,പകർച്ച വ്യാധികൾ എന്നിവ സംബന്ധിച്ച വിവരങ്ങൾ പ്രത്യേക ആപ്ലിക്കേഷൻ വഴി സ്മാർട്ട്‌ഫോണിലൂടെ രജിസ്റ്റർ ചെയ്യാം. പരാതികൾ പഞ്ചായത്തിലെ ആപ്പിലൂടെ രജിസ്റ്റർ ചെയ്താൽ ഉടൻ തന്നെ പരിഹാര നിർദ്ദേശങ്ങൾ ഉണ്ടാകും. തണ്ണീർമുക്കം യൂത്ത് വൈഫൈ ജംഗ്ഷനിലൂടെ പി.എസ്.സി കോച്ചിംഗ് സെന്റർ, യോഗാ സെന്റർ, കൗണ്ടി ക്രിക്കറ്റ് ക്ലബുകൾ, ഇരുചക്ര വാഹന ക്ലബുകൾ, പഠന യാത്രകൾ,കായിക പരിശീലന ക്യാമ്പുകൾ, കലാസാംസ്‌കാരിക കൂട്ടായ്മ, രക്തദാന സേനകൾ, കൗൺസിലിംഗ് സെന്ററുകൾ, വനിത സ്വയം സുരക്ഷ പരിശീലന പരിപാടികൾ എന്നിവയ്ക്ക് ശിൽപശാല രൂപം നൽകി. ശിൽപ ശാലയുടെ ഉദ്ഘാടനം ആലപ്പുഴ സബ്കളക്ടർ വി.ആർ. കൃഷ്ണതേജ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.ജ്യോതിസ് അദ്ധ്യക്ഷത വഹിച്ചു. രേഷ്മ രംഗനാഥ്, രമ മദനൻ, സുധർമ്മ സന്തോഷ്, ബിനിത മനോജ്, സനൽ നാഥ്,സാനു സുധീന്ദ്രൻ,കെ.ജെ.സെബാസ്റ്റ്യൻ,രമേഷ് ബാബു, എ.എം. ജിമീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി പി.സി.സേവ്യർ സ്വാഗതവും യൂത്ത്‌കോ-ഓർഡിനേറ്റർ ശ്രീകാന്ത് നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിൽ തന്നെയുള്ള എൻജിനീയറിംഗ് ബിരുദ വിദ്യാർത്ഥികൾ അടങ്ങുന്ന ഹൈടെക് ഗ്രൂപ്പാണ് പദ്ധതി തയ്യാറാക്കിയത്.