local

ആലപ്പുഴ: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തേക്ക് കെ.എസ്.യു പ്രവർത്തക ഓടിക്കയറിയതുപോലെ ആലപ്പുഴ കളക്ടേററ്റിനുള്ളിലേക്ക് കയറാൻ ശ്രമിച്ച കെ.എസ്.യു പ്രവർത്തകയെ വനിതാപൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ജില്ലാ സെക്രട്ടറി മീനു വിജുവാണ് കളക്ടറുടെ ഓഫീസിന് സമീപത്തേക്ക് ഓടിക്കയറാൻ ശ്രമിച്ചത്. സെക്രട്ടേറിയറ്റിന് മുന്നിൽ കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം.അഭിജിത്ത് നടത്തുന്ന സത്യഗ്രഹസമരം ഒത്തുതീർപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റി ഇന്നലെ നടത്തിയ മാർച്ചിനിടെയായിരുന്നു സംഭവം.

മീനു വിജുവിൻെറ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ കളക്ടറേറ്റിന്റെ മതിൽ ചാടിക്കടന്ന് കളക്ടറുടെ ഓഫീസിന് നേരെ ഓടി. പൊലീസുകാർ യുവാക്കളെ തടഞ്ഞെങ്കിലും മീനു മുന്നോട്ട് കുതിക്കാൻ ശ്രമിച്ചു. തുടർന്ന് വനിതാ പൊലീസ് എത്തി യുവതിയെ പിടികൂടി. സർക്കാരിനെതിരെ മുദ്രാവാക്യം വിളിച്ച് പൊലീൻെറ കൈയിൽ നിന്ന് കുതറി മാറാൻ ശ്രമിച്ചെങ്കിലും കൂടുതൽ വനിതാ പൊലീസെത്തി യുവതിയെ പൊക്കിയെടുത്ത് ജീപ്പിലിട്ടു. മതിൽ ചാടുന്നതിനിടെ മീനുവിന് കാലിന് പരിക്കേറ്റിരുന്നു. അറസ്റ്റ് ചെയ്ത് നോർത്ത് സ്റ്റേഷനിൽ കൊണ്ടുവന്ന മീനു വിജുവിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് കെ.എസ്.യു നേതാക്കൾ ആവശ്യപ്പെട്ടെങ്കിലും പരിക്ക് നിസാരമാണെന്ന് പറഞ്ഞ് പൊലീസ് ആദ്യം തയ്യാറായില്ല.

ഇതിനെ തുടർന്ന് കെ.എസ്.യു പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഒടുവിൽ മീനുവിനെ പൊലീസ് ജീപ്പിൽ ജനറൽ ആശുപത്രിയിൽ കൊണ്ടുപോയി ചികിത്സ നടത്തിയശേഷം തിരിച്ച് സ്റ്റേഷനിൽ കൊണ്ടുവന്ന് ജാമ്യത്തിൽ വിട്ടയച്ചു. ടൗൺ ഹാളിന് മുന്നിൽ നിന്നാരംഭിച്ച മാർച്ച് കളക്ടറേറ്റിന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്നു നടന്ന ധർണ ഡി.സി.സി പ്രസിഡന്റ് എം. ലിജു ഉദ്ഘാടനം ചെയ്തു കഴിഞ്ഞപ്പോഴായിരുന്നു പ്രവർത്തകർ മതിൽചാടിക്കടന്നത്. .
കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിതിൻ എ. പുതിയിടം, ആർ. റോഷിർ, എ.ഡി. തോമസ്, ഗോകുൽ ഷാജി, വിശാഖ് വിദ്യാധരർ, സുജിത്ത് സി. കുമാരപുരം, അനൂപ് പതിനഞ്ചിൽ, വിവേക് പ്രകാശ്, റിയാസ് ഷംസുദ്ദീൻ, അജോ ആൻറണി, അൻസിൽ, ഷെഫീക്ക്, രവിപ്രസാദ് എന്നിവരും മതിൽ ചാടിയോടിയെങ്കിലും അവരെ പൊലീസ് വളഞ്ഞുപിടിച്ചു.


കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സി.ആർ. ജയപ്രകാശ്, യു.ഡി.എഫ് ജില്ലാചെയർമാൻ എം. മുരളി, കെ.പി.സി.സി സെക്രട്ടറി മാന്നാർ അബ്ദുൾ ലത്തീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എസ്. ശരത്ത്, യൂത്ത് കോൺഗ്രസ് പാർലമെന്റ് പ്രസിഡന്റുമാരായ സജി ജോസഫ്, അഭിലാഷ് ജഗൻ, പി. സാബു, എം.പി. സജി, അഡ്വ. ബി. ഷുക്കൂർ, ആർ.ബി. നിജോ എന്നിവർ സംസാരിച്ചു.