ആംബുലൻസ് പാലം പൊളിച്ചു പുതിയ പാലം നിർമ്മിക്കും
മാന്നാർ: സദാസമയം 'അപകട സൈറൺ' മുഴക്കി നിൽക്കുന്ന ആംബുലൻസ് പാലത്തിന് ദുരന്ത മുഖത്തുനിന്ന് കരകയറാൻ വഴി തെളിയുന്നു. പാലം പൊളിച്ചു നീക്കി പുതിയ പാലം പണിയാൻ ഏഴു കോടി രൂപ സർക്കാർ അനുവദിച്ചതായി സജി ചെറിയാൻ എം.എൽ.എ അറിയിച്ചു. പാലത്തിന്റെ ദുരവസ്ഥയെപ്പറ്റി 'കേരളകൗമുദി' നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
ആലപ്പുഴ- പത്തംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന പാലം കൂടിയാണ് കടക്കടവ് ആംബുൻസ് പാലം. പ്രദേശം പരാധീനതകളുടെ നടുവിലായിരിക്കെ, ഒരു ആംബുലൻസിനെങ്കിലും കടന്നുപോകാൻ കഴിയുന്നൊരു പാലം നിർമ്മിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടർന്ന് സ്ഥാപിച്ച പാലമായതിനാലാണ് ആംബുലൻസ് പാലമെന്ന വിളിപ്പേരു വീണത്.
2004ൽ ശോഭന ജോർജ് എം.എൽ.എ ആയിരിക്കുമ്പോൾ മന്ത്രി എം.കെ. മുനീറാണ് പാലത്തിന്റെ നിർമ്മാണ പ്രവൃത്തികൾക്ക് തുടക്കം കുറിച്ചത്. മാവേലിക്കര, ചെങ്ങന്നൂർ, ബുധനൂർ തുടങ്ങി വിവിധ പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് മാന്നാറിലെ തിരക്കിൽപ്പെടാതെ പരുമല, തിരുവല്ല, ദേവസ്വം ബോർഡ് പമ്പ കോളേജ്, ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്‌കൂൾ, പരുമല പള്ളി, പരുമല എൽ.പി സ്‌കൂൾ എന്നീ സ്ഥലങ്ങളിലേക്ക് എത്താനുള്ള എളുപ്പ മാർഗ്ഗമാണ് ഈ പാലം. പാലത്തിൽ സിഗ്നൽ സംവിധാനം ഇല്ലാത്തതും രാത്രിയിൽ ഇവിടെ തീരെ വെളിച്ചമില്ലാത്തതും വീതിക്കുറവും അപകടങ്ങൾക്ക് കാരണമാകുന്നു. കഴിഞ്ഞ പ്രളയത്തിൽ പാലത്തിന്റെ കൈവരികൾ തകർന്നു. പിന്നീട് പുന:നിർമ്മിച്ച കൈവരികളാണ് ഇപ്പോഴുള്ളത്.
................................
'ഇവിടെ നല്ലൊരു പാലം വേണമെന്നത് ഞങ്ങളുടെ ദീർഘകാല ആവശ്യങ്ങളിലൊന്നായിരുന്നു. അനുവദിച്ച തുക വിനിയോഗിച്ച്, മറ്റു തടസങ്ങളൊന്നും ഇല്ലാത്തവിധം എത്രയും വേഗം പുതിയ പാലം നിർമ്മിക്കപ്പെടുമെന്നാണ് പ്രതീക്ഷ'
(നാട്ടുകാർ)