ആലപ്പുഴ: റോഡുകളിൽ മഴക്കാലത്ത് രൂപപ്പെടുന്ന കുഴികൾ പെട്ടെന്ന് അടക്കാൻ നൂതന യന്ത്രങ്ങളുമായി പൊതുമരാമത്ത് വകുപ്പ് എത്തുന്നു. നിലവിൽ ജർമ്മൻ സാങ്കേതിക മികവുള്ള മില്ലിംഗ് ആൻഡ് റീ സൈക്ലിംഗ് യന്ത്രങ്ങളാണ് റോഡ് പണിക്കായി വകുപ്പ് ഉപയോഗിച്ച് വരുന്നത്. എന്നാൽ, ചെറിയ അറ്റകുറ്റപ്പണികൾ ഇതുകൊണ്ട് ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് കുഴിയടക്കാൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന അത്യാധുനിക പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രങ്ങൾ വാങ്ങാൻ തീരുമാനിച്ചത്. യന്ത്രങ്ങൾ വാങ്ങുന്നത് സംബന്ധിച്ച നടപടികൾ അന്തിമഘട്ടത്തിലാണ്.
ഇതിനായി വിവിധ കമ്പനികളുടെ യന്ത്രങ്ങളെക്കുറിച്ചുള്ള പരിശോധന പൊതുമരാമത്ത് വകുപ്പ് തുടങ്ങി. പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രത്തിന് കുറഞ്ഞത് 63 കുതിരശക്തിയും 8650 മില്ലിമീറ്റർ നീളവും 2900 മില്ലിമീറ്റർ ഉയരവും 2400 മില്ലിമീറ്റർ വീതിയും ഉണ്ട്. പൊതുവേ റോഡുകളുടെ അറ്റകുറ്റപ്പണിക്ക് പരമ്പരാഗത ശൈലികളാണ് അധികൃതർ ഇപ്പോഴും പിന്തുടരുന്നത്. പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രങ്ങൾ എത്തിച്ച് ജില്ലയിൽ മുടങ്ങികിടക്കുന്ന അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി റോഡ് സഞ്ചാരയോഗ്യമാക്കുകയാണ് ലക്ഷ്യം.
കാലാവസ്ഥ പ്രതികൂലമായ സമയത്ത് പോലും റോഡ് അറ്റകുറ്റപ്പണി ഫലപ്രദമായി പൂർത്തിയാക്കാൻ കഴിയുമെന്നതാണ് ഈ യന്ത്രങ്ങളുടെ പ്രത്യേകത. 31,57,076 രൂപ മുടക്കി 2011ൽ പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രം പൊതുമരാമത്ത് നിരത്ത് വിഭാഗം വാങ്ങിയിരുന്നു. ഇത് വിവിധ സ്ഥലങ്ങളിലെ നഗരപാതകളുടെ അറ്റകുറ്റപ്പണികൾക്ക് 2013 വരെ ഉപയോഗിച്ചിരുന്നു. പിന്നീട് പ്ലാന്റ് എൻജിൻ തകരാറായതിനെത്തുടർന്ന് ഇത് പ്രവർത്തനരഹിതമായി. തുടർന്നാണ് കൂടുതൽ മികച്ച യന്ത്രങ്ങൾ വാങ്ങാനുള്ള തീരുമാനത്തിൽ പൊതുമരാമത്ത് വകുപ്പ് എത്തിയത്.
പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രം
63 കുതിരശക്തി
നീളം : 8.65 മീറ്റർ
ഉയരം : 2.9 മീറ്റർ
വീതി : 2.400 മീറ്റർ
# വാടകയ്ക്ക് നൽകില്ല
പുതിയ പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രമുപയോഗിച്ച് പൊതുമരാമത്ത് വകുപ്പ് നേരിട്ടാണ് പ്രവൃത്തികൾ നടത്തുക. മെഷിൻ കരാറുകാർക്ക് വാടകയ്ക്ക് നൽകില്ല. റോഡുകളുടെ അറ്റകുറ്റപ്പണിക്കായി മൊബൈൽ റോഡ് റിപ്പയർ യൂണിറ്റ് രൂപീകരിക്കുന്നതും വകുപ്പിന്റെ സജീവ പരിഗണനയിലാണ്. പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രങ്ങൾ വന്നുകഴിഞ്ഞാൽ ഉന്നത സാങ്കേതിക നിലവാരത്തിൽ കുഴിയടക്കൽ ജോലികൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ കഴിയും.
# സമയ ലാഭം
പൊട്ടിപ്പൊളിഞ്ഞ റോഡുകളിൽ അറ്റകുറ്റപ്പണി നടത്തണമെങ്കിൽ പഴയ സംവിധാനമനുസരിച്ച് കൂടുതൽ സമയമെടുക്കും. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കും. മഴക്കാലത്ത് റോഡ് പണി മുടങ്ങുയും ചെയ്യും. മഴയത്ത് കുഴികൾ അടച്ചാലും പിന്നീട് വീണ്ടും റോഡ് പൊട്ടിപ്പൊളിയുന്നത് അപകടം വരുത്തി വയ്ക്കും. മഴക്കാലത്ത് റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് ഇൻസ്റ്റന്റ് റോഡ് റിപ്പയറിംഗ് മിക്‌സ് പൊതുമരാമത്ത് വകുപ്പ് പരീക്ഷിച്ചിരുന്നതാണ്. എന്നാൽ അതൊന്നും കുഴിയടക്കലിൽ പൂർണമായും വിജയമാകാത്തതിനെത്തുടർന്നാണ് അത്യാധുനിക പോട്ട് ഹോൾ ഫില്ലിംഗ് യന്ത്രങ്ങൾ വാങ്ങാൻ വകുപ്പ് പൊതുമരാമത്ത് വകുപ്പ് തീരുമാനിച്ചത്.