പൂച്ചാക്കൽ: കെ.എസ്.ഇ.ബി പൂച്ചാക്കൽ ഓഫീസിൽ അതിക്രമിച്ചു കയറി ഉപകരണങ്ങൾ അടിച്ചുതകർക്കുകയും ജീവനക്കാരനെ മർദ്ദിക്കുകയും ചെയ്ത യുവാവ് പിടിയിൽ. തൈക്കാട്ടുശേരി പഞ്ചായത്തിൽ മൂന്നാം വാർഡ് ചാത്തനാട്ട് വെളി മനോജിനെയാണ് പൂച്ചാക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം. മദ്യപിച്ചെത്തിയ മനോജ് ഓഫീസിലേക്ക് യാതൊരു പ്രകോപനവും കൂടാതെ കടന്നുകയറി അടിച്ച് തകർക്കുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ദിലീപ് കുമാറിനെ മർദ്ദിക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ മനോജിനെ പൊലീസ് അറസ്റ്റു ചെയ്തു. ആക്രമണത്തിൽ കാഷ് കൗണ്ടറിന്റെ ചില്ലുകളും രണ്ട് കംപ്യൂട്ടറുകളും അനുബന്ധ ഉപകരണങ്ങളും തകർന്നു. ഏകദേശം തൊണ്ണൂറായിരം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ട്. മർദ്ദനത്തിൽ പരിക്കേറ്റ ജീവനക്കാരൻ ചികിത്സയിലാണ്.