തുറവൂർ: എൻ.സി.സി റോഡ് അടിയന്തരമായി പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മരിയപുരം സി.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ റോഡിൽ കിടപ്പ് സമരം നടത്തി. ദേശീയപാതയിൽ നിന്നും തുറവൂർ റെയിൽവേേ സ്റ്റേഷനിലേക്കുള്ള പ്രധാന റോഡ് കാലങ്ങളായി അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ കുണ്ടും കുഴിയും നിറഞ്ഞ നിലയിലാണ്. കാൽനടയാത്ര പോലും അസാദ്ധ്യമായിട്ടും അധികൃതർ തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു സമരം. സി.ജെ. റെജിമോൻ ഉദ്ഘാടനം ചെയ്തു. ജോൺ ഏണസ്റ്റ് അദ്ധ്യക്ഷത വഹിച്ചു. സി. പീറ്റർ കൊടിപ്പറമ്പിൽ, ജിക്സൺ, ജോയി, ഷാജി, സാബു, ആന്റണി ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.