iv-trip

ആലപ്പുഴ: ആശുപത്രികളിൽ നിർജലീകരണം ഉൾപ്പെടെയുള്ളവയ്‌ക്ക് പ്രാഥമികമായി നൽകുന്ന എെ.വി ഫ്ളൂയിഡ് (ഇൻട്രാവെനസ് ഫ്ളൂയിഡ്) ഡ്രിപ്പുണ്ടാക്കാനുള്ള നടപടിയുമായി സംസ്ഥാനത്തെ പൊതുമേഖലാ മരുന്ന് ഉത്പാദന കേന്ദ്രമായ കെ.എസ്.ഡി.പി (കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ്) മുന്നോട്ട്. ആധുനിക സൗകര്യങ്ങളോടെ വൻതോതിൽ ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. എല്ലാ ആശുപത്രികൾക്കും ഫ്ളൂയിഡ് വേണ്ടതിനാൽ ഡിമാൻഡും കുറയില്ല.

ഡ്രിപ്പ് നിർമ്മിക്കാനുള്ള മികച്ച മെഷീൻ ജർമ്മനിയിലെ റൊമാലൻസ് എന്ന കമ്പനിയിൽ നിന്ന് വാങ്ങാനും ശ്രമം തുടങ്ങി. 23 കോടിയാണ് വില. ഇതിന് സംസ്ഥാന സർക്കാരിന്റെയും ഇറക്കുമതിക്ക് കേന്ദ്ര സർക്കാരിന്റെയും അനുമതി വേണം. സംസ്ഥാന ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിയുടെ അനുമതി ലഭിച്ചാൽ കേന്ദ്രത്തെ സമീപിക്കും. കേരളത്തിന് വില കുറച്ച് നൽകാമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ഇന്ത്യയിൽ 132 മരുന്ന് നിർമ്മാണ കമ്പനികളിൽ ജർമ്മൻ മെഷീനിൽ ഡ്രിപ്പ് ഉണ്ടാക്കുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ ഡ്രിപ്പ് നിർമ്മാണം തുടങ്ങാനാണ് മദ്ധതി.

കെ.എസ്.ഡി.പിയുടെ ഡ്രിപ്പുകളുടെ വില, ബ്രാക്കറ്റിൽ പൊതുമാർക്കറ്റിലെ വില

മാനിട്ടോൾ 100 എം.എൽ........................... 34.67 (57)

ലിനിസോളിഡ് 300 എം.എൽ................. 158.40 (205)

ഡെക്സ് ട്രോസ് 500 എം.എൽ.................... 41.64 (45)

സോഡിയം ക്ളോറൈഡ് 500 എം.എൽ... 32.55 (34)

'മരുന്ന് ഉത്പാദനത്തിന്റെ മറ്റൊരു മേഖലയിലേക്ക് കൂടി കെ.എസ്.ഡി.പി കടക്കുകയാണ്. ലോകത്തെ ഏറ്റവും ആധുനിക രീതിയിലുള്ള മെഷീനായിരിക്കും സ്ഥാപിക്കുക".

- സി.ബി. ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി