case-diary

ആലപ്പുഴ: ചോരവാർന്ന് മരിച്ച നിലയിൽ വൃദ്ധയെ പുലർച്ചെ വീട്ടുവരാന്തയിൽ കണ്ടെത്തി. തുമ്പോളി തയ്യിൽ തോട്ടുങ്കൽ വീട്ടിൽ പരേതനായ രാജപ്പന്റെ ഭാര്യ മറിയാമ്മയാണ് (79) മരിച്ചത്. രക്തസമ്മർദ്ദവും പ്രമേഹവും ഉണ്ടായിരുന്ന ഇവർ രാത്രിയിൽ ഗേറ്റ് അടയ്ക്കാനായി പുറത്തേക്കിറങ്ങുമ്പോൾ തലചുറ്റി വരാന്തയിൽ വീണതാകാമെന്നാണ് പൊലീസിന്റെ നിഗമനം. തെരുവ് നായ്ക്കൾ മൃതദേഹത്തിന്റെ കാൽമുട്ടിന് താഴെനിന്ന് അസ്ഥി കാണത്തക്ക രീതിയിൽ മാംസവും തലയിലെ മുടികളും കടിച്ചെടുത്തിട്ടുണ്ട്.

രാവിലെ പത്രം വിതരണം ചെയ്യാനെത്തിയ ആളാണ് മൃതദേഹം ആദ്യം കണ്ടത്. ഇയാൾ അയൽവാസികളെ അറിയിച്ചു. തുടർന്ന് പൊലീസെത്തി മേൽനടപടി സ്വീകരിച്ചു. വില്ലേജ് ഓഫീസ് ജീവനക്കാരനായിരുന്ന രാജപ്പൻ ഒൻപത് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. ഇവർക്ക് മക്കളില്ല. മറ്റൊരു ബന്ധുവിനൊപ്പമായിരുന്നു ഈ വീട്ടിൽ മറിയാമ്മ താമസിച്ചിരുന്നത്. ഞായറാഴ്ച തിരുവനന്തപുരത്തെ ബന്ധുവീട്ടിലേക്ക് ഈ സ്ത്രീ പോയിരുന്നു. ഇതോടെ മറിയാമ്മ ഒറ്റയ്ക്കായി. കിടപ്പുമുറിയിലെ കട്ടിലിൽ ഊരിവച്ച നിലയിൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും പരിശോധന നടത്തിയശേഷം മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടത്തിന്റെ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. മറ്റ് ദുരൂഹതകൾ ഇല്ലെന്നും നോർത്ത് പൊലീസ് പറഞ്ഞു.