ആലപ്പുഴ: കേരളത്തെ നടുക്കിയ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച മൂന്നാം പ്രളയം എന്ന സിനിമ 26ന് തീയേറ്ററുകളിലെത്തുമെന്ന് സംവിധായകൻ രതീഷ് രാജു വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രളയ ദുരിതം നേരിട്ട കുട്ടനാട് ഉൾപ്പടെയുള്ള പ്രദേശങ്ങളിലെ 60 ഓളം പേർ അഭിനേതാക്കളായി എത്തുന്ന ചിത്രം കൈനകരി ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് എടുത്തി​രി​ക്കുന്നത്. മഹാപ്രളയം ഏറ്റവും ഭീതി വിതച്ച 2018 ആഗസ്റ്റ് 15, 16, 17 തീയതികളിലെ രണ്ട് രാത്രിയും ഒരു പകലുമാണ് അവതരിപ്പിക്കുന്നത്. ഒരു പ്രളയ ക്യാമ്പിൽ അരങ്ങേറുന്ന സംഭവങ്ങൾ അനുഭവ തീവ്രതയോടെ ചി​ത്രത്തി​ൽ പുനരാവി​ഷ്കരി​ക്കുന്നു.

നായകനായി​ അഷ്‌കർ സൗദാനും നായി​കയായി​ സനൂജ സോമനാഥുമെത്തുന്നു. സായികുമാർ, ബിന്ദുപണിക്കർ, അരിസ്റ്റോ സുരേഷ്, കുളപ്പുള്ളി ലീല തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
പ്രളയശേഷമുണ്ടായ കൊടുംവരൾച്ചാ കാലത്തായിരുന്നു ചിത്രീകരണം. അതിനാൽ ഇടുക്കി, കല്ലാർകുട്ടി ഡാമിലാണ് പ്രളയരംഗങ്ങൾ നിറഞ്ഞ ക്ളൈമാക്സ് ചിത്രീകരിച്ചത്. നയാഗ്ര മൂവീസിനുവേണ്ടി ദേവസ്യാ കുര്യാക്കോസാണ് നിർമ്മാണം. വാർത്താ സമ്മേളനത്തിൽ തിരക്കഥാകൃത്ത് എസ്.കെ വില്യൻ, നിർമാതാവ് ദേവസ്യ കുര്യാക്കോസ് അടിമാലി,സിനിമാതാരം സനൂജ സോമനാഥൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് എന്നിവരും പങ്കെടുത്തു.