ചേർത്തല: കാറിലെത്തിയ നാലംഗ സംഘം കെ.എസ്.ആർ.ടി.സി ജൻറം ബസ് തടഞ്ഞ് ഡ്രൈവറെ മർദ്ദിച്ചു. ചേർത്തല ഡിപ്പോയിലെ ഡ്രൈവർ പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡ് പൂച്ചാക്കൽ വളവംകേരി രാജീവാണ് (36) മർദ്ദനമേറ്റ് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്നലെ രാത്രി 8.45 ഓടേ ചേർത്തല വടക്കേ അങ്ങാടി കവലയിലായിരുന്നു സംഭവം. ബസിൽ നിന്ന് ഇറങ്ങി കാറിന്റെ നമ്പർ എഴുതിയെടുക്കാൻ ശ്രമിക്കുന്നതിനിടെ കാർ മുന്നാേട്ട് എടുത്ത് ഡ്രൈവറെ ഇടിച്ച് വീഴ്ത്തിയതായി ദൃക് സാക്ഷികൾ പറയുന്നു. ഡ്രൈവറുടെ കാൽമുട്ടിന് പരിക്കേറ്റിട്ടുണ്ട്. ഇതിനിടെ കണ്ടക്ടർ സജീഷിനെയും സംഘം കൈയേറ്റം ചെയ്തു. കാറിൽ രക്ഷപ്പെടാൻ ഒരുങ്ങിയ അക്രമികളെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി. ആലപ്പുഴ രജിസ്ട്രേഷനിലുള്ള വെള്ള മാരുതി സ്വിഫ്റ്റ് കാറിലെത്തിയവരായിരുന്നു അക്രമം നടത്തിയത്. കാറിന് സൈഡു കൊടുത്തില്ലെന്ന് ആരോപിച്ചായിരുന്നു മർദ്ദനം.