തമിഴ്നാട്ടിൽ ഇറച്ചിക്കോഴിക്ക് വൻ വിലയിടിവ്
കേരളത്തിൽ വിലകുറയ്ക്കാൻ മടി
ആലപ്പുഴ: തമിഴ്നാട്ടിൽ ഇറച്ചിക്കോഴിക്ക് ഡിമാന്റ് കുറഞ്ഞതും, കോഴിത്തീറ്റ പ്രതിസന്ധിയും ജലക്ഷാമവും ഒന്നിച്ചു വരികയും ചെയ്തതോടെ കേരളത്തിലെ കോഴിയിറച്ചി പ്രേമികൾക്ക് ആഹ്ളാദിക്കാൻ വഴിയൊരുങ്ങി. അവിടെ കോഴി വളർത്തൽ പ്രതിസന്ധിയിലായതോടെ ഇറച്ചി പ്രേമികളുടെ നാടായ കേരളത്തിലേക്ക് കോഴികളെ പറഞ്ഞയച്ച് തത്കാലം പിടിച്ചുനിൽക്കാനുള്ള വഴി തേടുകയാണ് തമിഴ്നാട്ടിലെ കോഴി കർഷകർ. എന്നാൽ, ഇക്കാര്യം അത്രകണ്ട് വെളിപ്പെടുത്താതെ പഴയ നിരക്കിൽ കോഴിവില്പനയ്ക്ക് ശ്രമിക്കുകയാണ് കേരളത്തിലെ ചില്ലറ വ്യാപാരികളെന്നും ആരോപണമുണ്ട്.
തമിഴ്നാട്ടിൽ ട്രോളിംഗ് നിരോധന കാലത്ത് മീൻ ലഭ്യതയിലെ കുറവു നിമിത്തം കോഴിക്ക് വില കൂട്ടിയായിരുന്നു കേരളത്തിലേക്ക് അയച്ചിരുന്നത്. നിരോധനം അവിടെ അവസാനിച്ചതോടെ കോഴിയുടെ ഡിമാന്റ് പോയി. കർണ്ണാടകയിൽ ഉത്സവ സീസൺ തുടങ്ങിയതോടെ അവിടേക്കുള്ള കയറ്റുമതിയും കുറഞ്ഞു. ഡിമാന്റ് കാലത്ത് 115 രൂപ വരെയാണ് തമിഴ്നാട്ടുകാർ കേരളത്തിൽ നിന്ന് ഈടാക്കിയിരുന്നത്. അന്ന് ഇവിടെ കോഴി ഒരു കിലോയ്ക്ക് 200 രൂപ വരെയായിരുന്നു. ഇപ്പോൾ ഒരു കോഴി 50 രൂപയ്ക്കാണ് തമിഴ്നാട്ടുകാർ കേരളത്തിനു നൽകുന്നത്. എന്നിട്ടും കേരളത്തിലെ വില്പനക്കാർ പരമാവധി 110 രൂപ വരെ ഒരു കിലോ കോഴിക്ക് വാങ്ങുന്നുണ്ട്.
പ്രതിസന്ധികൾ കാരണം കനത്ത നഷ്ടത്തിലാണ് തമിഴ്നാട്ടിലെ ഇറച്ചിക്കോഴി കർഷകർ. കോഴിയെ വളർത്താനാവാത്ത അവസ്ഥ. ഇതിനോടകം പലരും കോഴിവളർത്തൽ മേഖല വിട്ടു. നിലവിൽ ഫാമുകളിലും വീടുകളിലും വളർത്തുന്ന കോഴികളെ മൊത്തത്തിൽ വിലകുറച്ച് കേരത്തിലേക്ക് കയറ്റി അയയ്ക്കാനുള്ള പരിശ്രമത്തിലാണ് പലരും. തീറ്റകിട്ടാതെ കോഴികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും ഇവയെ കൈയൊഴിയാനുള്ള കാരണമായി.
കോഴിയുടെ വിലക്കയറ്റം മൂലം കർഷകർ മുഖംതിരിച്ചപ്പോഴാണ് കേരളത്തിൽ ട്രോളിംഗ് നിരോധനം വന്നത്. ഇതോടെ ഇറച്ചിപ്രേമികൾ നഷ്ടം സഹിച്ച് വീണ്ടും കോഴി ഫാമുകളിലേക്കെത്തി. കൂടിയ വിലയ്ക്ക് കച്ചവടം കൊഴുക്കുന്നതിനിടെയാണ് തമിഴ്നാട്ടിലെ പ്രതിസന്ധി സൃഷ്ടിച്ച വഴിയിലൂടെ കുറഞ്ഞവിലയ്ക്ക് ഇറച്ചിക്കോഴികൾ കേരളത്തിലേക്കു വന്നത്.
ഇന്നലെ കരേളത്തിലെ മൊത്ത വില്പന കേന്ദ്രങ്ങളിൽ ഇറച്ചിക്കോഴി കിലോയ്ക്ക് 90 രൂപയിൽ താഴെയായിരുന്നു നിരക്ക്. ഒരാഴ്ചയായി കോഴിയിറച്ചിക്ക് വിപണിയിൽ വില കുറഞ്ഞെങ്കിലും ഇറച്ചി പ്രിയക്കാർക്ക് ഇത് അത്രകണ്ട് ബോദ്ധ്യമായിട്ടില്ല. വില അധികം കുറയ്ക്കാതെയാണ് ഇപ്പോഴും പലരും വില്പന നടത്തുന്നത്.
............................................
# ഇറച്ചിക്കഥ
ഡിമാൻഡ് കാലത്ത് തമിഴ്നാടൻ കോഴിവില:: ₹ 100-115
ആ കോഴിക്ക് അന്ന് കേരളത്തിലെ വില (കിലോ): ₹ 170-200
ഇപ്പോൾ തമിഴ്നാടൻ കോഴിവില: ₹ 40- 50
നിലവിൽ കേരളത്തിലെ ചില്ലറ വില (കിലോ): ₹ 95-110
ഇറച്ചി മാത്രമായി വില (കിലോ): ₹ 160
........................................
നഷ്ടക്കണക്ക്
തമിഴ്നാട്ടിൽ നിന്ന് വിലക്കുറവിൽ കോഴി എത്തുന്നത് കേരളത്തിലെ ഇറച്ചിക്കോഴി കർഷകർക്ക് വൻ നഷ്ടമാണ് ഉണ്ടാക്കുന്നത്. വില കുറച്ച് കോഴികളെ എത്തിക്കുന്നത് കാരണം ഇവിടത്തെ കർഷകരിൽ നിന്ന് കച്ചവടക്കാർ കോഴിയെ എടുക്കുന്നില്ല. കോഴിത്തീറ്റയുടെ വില മുമ്പെങ്ങുമില്ലാത്ത വിധം ക്രമാതീതമായി ഉയരുകയാണ്. ഒരു ചാക്ക് തീറ്റയ്ക്ക് 1700 വരെയായി. കഴിഞ്ഞ മൂന്ന് മാസത്തിനിടെ 300 രൂപയാണ് ഉയർന്നത്.
.......................................
കോഴിക്കുഞ്ഞിനും വിലക്കുറവ്
ബ്രോയിലർ ചിക്കൻ ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളുടെ വില 20 ശതമാനത്തിലധികം കുറച്ചിട്ടുണ്ട്. കടുത്ത തീറ്റക്ഷാമം മുന്നിൽക്കണ്ട് വലിയ കരാർ കൃഷിക്കാർ പോലും ഫാമുകളിൽ കോഴിക്കുഞ്ഞുങ്ങളെ അവശേഷിപ്പിക്കാതെ മാർക്കറ്റിൽ മത്സരിച്ച് വില്പന നടത്തുകയാണ്. മുമ്പ് 50 രൂപ വരെ ഉണ്ടായിരുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് ഇപ്പോൾ 11 രൂപയായി. കേരളത്തിലും കർഷകർക്ക് കോഴിക്കുഞ്ഞുങ്ങളെ വേണ്ട. കനത്ത വരൾച്ച കാരണം ചോളം, തിന എന്നിവയുടെ ലഭ്യത കുറഞ്ഞതാണ് തീറ്റവില വർദ്ധിപ്പിച്ചത്. കോഴിയുടെ പ്രധാന തീറ്റ ചോളമാണ്.
അവിടെ തഥൈവ
കോഴിയുടെ വില കുറഞ്ഞെങ്കിലും ഹോട്ടലുകളിൽ ചിക്കൻവില കുറഞ്ഞിട്ടില്ല. പഴയ വിലയ്ക്ക് തന്നെയാണ് ഇപ്പോഴും കച്ചവടം. താഴേക്കിടയിൽ മുതൽ മുന്തിയ ഹോട്ടലുകളിൽ വരെ ഇതാണ് സ്ഥിതി.
.............................................
'ഫാം കെട്ടുന്നത് മുതൽ നിരവധി പ്രശ്നങ്ങളാണ് കോഴി കർഷകർ അഭിമുഖീകരിക്കുന്നത്. കോഴി കർഷകരുടെ ആവശ്യങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ ഏകീകൃതമായ ഒരു സംഘടനയില്ല. ക്ഷീരകർഷകർക്ക് നൽകുന്നതുപോലെ കോഴി കർഷകർക്കും തീറ്റയ്ക്ക് സബ്സിഡി നൽകണം'
(കോഴി കർഷകർ)