ambala

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കുള്ളിലും പരിസരത്തും തെരുവുനായ്ക്കളെ തട്ടാതെ നടക്കാൻ പറ്റാത്ത അവസ്ഥ.

മൂന്നു വർഷം മുൻപ് അമ്പലപ്പുഴ വടക്കു പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആശുപത്രിയിലെ നായ്ക്കളെ വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നു. പിന്നീട് അധികൃതർ ശ്രദ്ധിക്കാത്തതാണ് ഇവ ഇത്രയധികം പെരുകാൻ കാരണമെന്ന് പരാതിയുണ്ട്. രോഗികളും കൂട്ടിരിപ്പുകാരും ഉപേക്ഷിക്കുന്ന ഭക്ഷണ അവശിഷ്ടങ്ങൾ ആശുപത്രിക്കു പിന്നിലുള്ള കമ്പോസ്റ്റ് യൂണിറ്റിനു സമീപം കൂട്ടിയിടുന്നതിനാൽ നായ്ക്കൾക്ക് ഭക്ഷണത്തിനും മുട്ടുവരുന്നില്ല. യഥേഷ്ടം വിഹരിക്കാൻ വിശാലമായ വളപ്പുമുണ്ട്.

ആശുപത്രിക്കു പിന്നിലുള്ള നഴ്സിംഗ് ക്വാർട്ടേഴ്സിലേക്ക് ഒറ്റയ്ക്കു പോകുവാൻ നഴ്സുമാർക്ക് ധൈര്യമില്ലത്രെ. നായ്ക്കളെ ഭയന്ന് കൂട്ടമായി മാത്രമെ നഴ്സുമാർ താമസ സ്ഥലത്തേക്കു പോകൂ. ആശുപത്രിയിൽ ഭക്ഷണവുമായി എത്തുന്നവരുടെ നേർക്കും ഇവ ഓടി അടുക്കുന്നത് പതിവുകാഴ്ചയാണ്. മഴ ശക്തമായതോടെ ആശുപത്രി വരാന്തകളിലും മറ്റ് വിശ്രമ സ്ഥലങ്ങളിലും താവളമടിച്ചിരിക്കുകയാണ് തെരുവുനായകൾ.