vel-ac

 ആലപ്പുഴ- ചങ്ങനാശേരി റോഡിൽ പലേടത്തും വെള്ളം

കുട്ടനാട്: പ്രളയകാലം ഓർമ്മിപ്പിച്ച് കുട്ടനാട്ടിലെ എ-സി റോഡിൽ പലേടത്തും വെള്ളം കയറി. ഇടറോഡുകളെല്ലാം വെള്ളത്തിലാണ്.

എ സി റോഡ്, തിരുവല്ല- അമ്പലപ്പുഴ റോഡും ബന്ധിപ്പിക്കുന്ന കിടങ്ങറ-നീരേറ്റുപുറം, വേഴപ്ര തായങ്കരി, മാമ്പുഴക്കരി-കളങ്ങര എന്നീ റോഡുകൾ കൂടാതെ പള്ളിക്കൂട്ടുമ്മ-പുളിങ്കുന്ന്, കിടങ്ങറ-വെളിയനാട്, പുളിങ്കുന്ന്- മങ്കൊമ്പ് എന്നീ പ്രധാന റോഡുകളും മുങ്ങി. ഇതോടെ ഇതുവഴിയുള്ള ബസ് സർവ്വീസുകൾ ഏതുസമയത്തും നിലയ്ക്കുന്ന സ്ഥിതിയിലാണ്. ബസ് സർവീസുകൾ മുടങ്ങിയാൽ കുട്ടനാട് ഭാഗികമായി ഒറ്റപ്പെടും. എ സി റോഡിൽ മങ്കൊമ്പ്, ഒന്നാംകര,പള്ളിക്കൂട്ടുമ്മ, മാമ്പുഴക്കരി, കിടങ്ങറ, പൂവം തുടങ്ങിയ ഭാഗങ്ങളിലാണ് വെള്ളം കയറിയിട്ടുള്ളത്.

കഴിഞ്ഞ വർഷത്തെ രണ്ടാംകൃഷി പ്രളയം കവർന്നെങ്കിലും ഇക്കുറി പുഞ്ചയിലൂടെ തിരിച്ചുപിടിച്ച ആത്മവിശ്വാസത്തിന്റെ പിൻബലത്തിൽ കൂടുതൽ സ്ഥലങ്ങളിലേക്ക് രണ്ടാംകൃഷിയിറക്കിയ കർഷകർ കടുത്ത ആശങ്കയിലാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ബലക്ഷയമുള്ള പുറം ബണ്ടുകൾ തകർന്ന് കുട്ടനാട്ടിൽ വീണ്ടുമൊരു കൃഷിനാശം ഉണ്ടാവുമോ എന്ന ഭീതിയിലാണ് കർഷകർ. ചമ്പക്കുളം, രാമങ്കരി കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരുടെ പരിധിയിൽ വരുന്ന രാമങ്കരി, മുട്ടാർ,തലവടി,എടത്വ, കാവാലം,പുളിങ്കുന്ന്, കൈനകരി, നെടുമുടി, ചമ്പക്കുളം കൃഷിഭവനുകളുടെ കീഴിൽ വരുന്ന പാടശേഖരങ്ങളിലായി പതിനായിരത്തോളെ ഹെക്ടറിലാണ് രണ്ടാംകൃഷി ഇറക്കിയിട്ടുള്ളത്. ഇത്തവണത്തെ പുഞ്ച സീസണിൽ ഏക്കറിന് 35 മുതൽ 40 ക്വിൻറൽ വരെ നെല്ല് ലഭിച്ചിരുന്നു. ഏതാനും വർഷങ്ങളായി നഷ്ടത്തിലായിരുന്ന പല പാടശേഖങ്ങളിലും ഇക്കുറി കനത്ത വിളവാണ് ലഭിച്ചത്. കനത്ത മഴയോടൊപ്പം ജലനിരപ്പ് ഇനിയും ഉയരുകയാണങ്കിൽ പലയിടങ്ങളിലും ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങണമെന്ന ആവശ്യവുമുണ്ട്.