ധാരണപ്രകാരം ആലപ്പുഴ നഗരസഭ ചെയർമാനെ മാറ്റുമെന്ന് കോൺഗ്രസ്
ആലപ്പുഴ: നഗരസഭ ചെയർമാൻ സ്ഥാനം വച്ചുമാറുന്നതു സംബന്ധിച്ച് കോൺഗ്രസിലുണ്ടായിരുന്ന ധാരണയുടെ കാലാവധി അവസാനിച്ച് ആറുമാസം കൂടി കടന്നതോടെ, മുറുമുറുപ്പുകളുടെ പശ്ചാത്തലത്തിൽ പുതിയ ചെയർമാനെ അവരോധിക്കാൻ കോൺഗ്രസ് ജില്ലാനേതൃത്വം തീരുമാനിച്ചു. ഇല്ലിക്കൽ കുഞ്ഞുമോനാവും പുതിയ ചെയർമാൻ. തീരുമാനം ആയെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ഡി.സി.സി പ്രസിഡന്റ് എം. ലിജു പറഞ്ഞു.
കഴിഞ്ഞ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിലുണ്ടായ ധാരണപ്രകാരം രണ്ടര വർഷം കഴിയുമ്പോൾ ചെയർമാൻ സ്ഥാനം ഇല്ലിക്കൽ കുഞ്ഞുമോന് നൽകണമായിരുന്നു. എന്നാൽ മൂന്ന് വർഷം പിന്നിട്ടിട്ടും നിലവിലെ ചെയർമാൻ തോമസ് ജോസഫ് തൽസ്ഥാനത്ത് തുടരുകയാണ്. കെ.സി.വേണുഗോപാലിന്റെ നോമിനിയാണ് തോമസ് ജോസഫ്. ചെയർമാൻ സ്ഥാനത്ത് നിന്ന് മാറാൻ കെ.സി തന്നെ നിർദ്ദേശിച്ചെന്നാണ് അറിയുന്നത്. രമേശ് ചെന്നിത്തലയുടെ നോമിനിയായിട്ടാണ് ഇല്ലിക്കൽ കുഞ്ഞുമാേൻ ചെയർമാനാകുന്നത്. അതേസമയം രണ്ട് മാസത്തേക്ക് കൂടി ചെയർമാനായി തുടരാനുള്ള ശ്രമമാണ് തോമസ് ജോസഫ് നടത്തുന്നതെന്ന ആരോപണമുണ്ട്. വെള്ളക്കിണറിൽ നഗരസഭ നിർമ്മിച്ചുകൊണ്ടിരിക്കുന്ന ശതാബ്ദി മന്ദിരത്തിൻെറ ഉദ്ഘാടനം രണ്ട് മാസത്തിനുള്ളിൽ നടത്തുമെന്നും അതുവരെ തുടരാൻ അനുവദിക്കണമെന്നും തോമസ് ജോസഫ് പാർട്ടി നേതൃത്വത്തിനു മുന്നിൽ ഒരു അഭിപ്രായം മുന്നോട്ട് വച്ചതായി അറിയുന്നു. ഇതിനായി ആറ് കോൺഗ്രസ് കൗൺസിലർമാരുടെ പിന്തുണയും അദ്ദേഹം ഉറപ്പാക്കിയിട്ടുണ്ട്. അതേസമയം കൂടുതൽ കോൺഗ്രസ് കൗൺസിലർമാരും തോമസ് ജോസഫിനെതിരാണ്.
തോമസ് ചാണ്ടിയുടെ ലേക്ക് പാലസ് റിസോർട്ടിന്റെ നികുതി പ്രശ്നം കത്തിപ്പടരുകയും സെക്രട്ടറി നീണ്ട അവധിയിൽ പോവുകയും ചെയ്തതോടെ നഗരസഭയിൽ വലിയ വിഷയങ്ങളാണ് പ്രതിദിനം അരങ്ങേറുന്നത്. ഇതിനിടെയാണ് ചെയർമാനെ വച്ചുമാറാൻ കോൺഗ്രസ് തീരുമാനിച്ചത്.
താത്കാലിക സെക്രട്ടറി
ലേക് പാലസ് വിഷയത്തിൽ നഗരസഭ സെക്രട്ടറി ജഹാംഗീർ നീണ്ട അവധിയിൽ പോയതോടെ മറ്റൊരു ഉദ്യോഗസ്ഥന് ചുമതല നൽകിയിരിക്കുകയാണ്. പുതിയ ചെയർമാൻ വരുന്നതിനൊപ്പം പുതിയ സെക്രട്ടറിയേയും നിയമിക്കും. ഫസ്റ്റ് ഗ്രേഡ് നഗരസഭയായ ആലപ്പുഴ നഗരസഭയുടെ ചരിത്രത്തിൽ താത്കാലിക സെക്രട്ടറി ഇതാദ്യമാണ്.
ചെങ്ങന്നൂരിലും മാറ്റം
ചെങ്ങന്നൂർ നഗരസഭ ചെയർമാനെ മാറ്റാനും കോൺഗ്രസ് നേതൃത്വം തീരുമാനിച്ചു. ചെയർമാൻ കോൺഗ്രസ് നേതൃത്വത്തിന് രാജിക്കത്ത് നൽകിയതായാണ് അറിയുന്നത്.
ആരോപണ മന്ദിരം
ശതാബ്ദി മന്ദിരത്തിൽ അഴിമതിയുണ്ടെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്. 15 കോടിയിൽ നിർമ്മിക്കുന്ന മന്ദിരത്തിന്റെ കരാർ ഹാബിറ്റാറ്റ് ശങ്കറിനാണ്. അതുകൊണ്ട് തന്നെ പണിയിൽ ഒരു അഴിമതിയുമില്ലെന്നാണ് നഗരസഭ ഭരണത്തെ അനുകൂലിക്കുന്നവർ പറയുന്നത്. എന്നാൽ മന്ദിരത്തിന് ശിലയിട്ടത് ആരെയും അറിയിച്ചില്ലെന്നാണ് കൗൺസിലർമാർ ആരോപിക്കുന്നത്.