മാന്നാർ : കാലവർഷം ശക്തമായതോടെ മാന്നാറിന്റെ പടിഞ്ഞാറൻ മേഖലകൾ വെള്ളപ്പൊക്ക ഭീഷണിയിലായി. കുരട്ടിശ്ശേരി വില്ലേജിലെ പാവുക്കര, വള്ളക്കാലി, വാലേൽ ഭാഗം ,വിഷവർശ്ശേരിക്കര, മേൽപ്പാടം, തൃപ്പെരുംതുറയിലെ പറയങ്കേരി, വാഴക്കൂട്ടം കടവ്,കാരിക്കുഴി, ചില്ലിത്തുരുത്ത്, സ്വാമിത്തറ, വളളാംകടവ് ,മഠത്തുംപടിഫിഷർമെൻ കോളനി എന്നിവിടങ്ങളിലാണ് വെള്ളം കയറിയത്. പമ്പ, അച്ചൻകോവിൽ ആറുകളിലും കൈവഴികളിലും ജലവിതാനമുയർന്നു.
തോടുകളിലും മറ്റും നീരൊഴുക്ക് തടസപ്പെട്ടതിനാൽ വെള്ളം ഒഴുകിപ്പോകാൻ മാർഗമില്ല.തിരുവല്ല - കായംകുളം സംസ്ഥാന പാതയിൽ തന്നെ നിരവധി ഇടങ്ങളിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടതോടെ യാത്ര ദുരിതപൂർണമാണ്.