eg

ഹരിപ്പാട്: ആറാട്ടുപുഴ നല്ലാണിക്കലിലെ ദുരിതാശ്വാസ ക്യാമ്പ് കളക്ടർ ഡോ. അദീല അബ്ദുളള സന്ദർശിച്ചു. 55 കുടുംബങ്ങളിലെ 220 പേരാണ് ക്യാമ്പിലുള്ളത്. കടലേറ്റത്തിൽ നിന്നും രക്ഷനേടാൻ പുലിമുട്ടോടു കൂടിയ ശക്തമായ കടൽഭിത്തി നിർമ്മിക്കണമെന്ന് നാട്ടുകാർ കളക്ടറോട് ആവശ്യപ്പെട്ടു.
ക്യാമ്പ് പ്രവർത്തിക്കുന്ന നല്ലാണിക്കൽ എൽ.പി സ്‌കൂളിലെ രണ്ട് കെട്ടിടങ്ങൾ വൈദ്യുതീകരിച്ചിട്ടില്ല. വൈദ്യുതീകരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്ന് എസ്.എം.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. ആറാട്ടുപുഴ ബസ് സ്റ്റാൻഡിന് തെക്ക് കടലിനോട് ചേർന്നു പോകുന്ന തീരപാതയും കളക്ടർ സന്ദർശിച്ചു. രാമഞ്ചേരി സുനാമി ടൗൺഷിപ്പിന്റെ ശോച്യാവസ്ഥ അറിഞ്ഞ കളക്ടർ അവിടെയെത്തി ടൗൺഷിപ്പിലെ താമസക്കാരുമായി സംസാരിച്ച ശേഷമാണ് മടങ്ങിയത്. ദുരന്ത നിവാരണ വിഭാഗം ഡപ്യൂട്ടി കളക്ടർ പി.എസ്.സ്വർണ്ണമ്മ, കാർത്തികപ്പളളി തഹസീൽദാർ കെ.ബി.ശശി, ഡപ്യൂട്ടി തഹസീൽദാർ ശരത് കുമാർ, ആറാട്ടുപുഴ വില്ലേജ് ഓഫീസർ ടി.സന്ധുമോൾ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.