ചേർത്തല: മഴയിൽ വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് താലൂക്കിൽ മൂന്നു ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. മാരാരിക്കുളം വടക്കുവില്ലേജിലെ ഒരു കുടുംബത്തിനായി കണിച്ചുകുളങ്ങര ക്ഷേത്രം പിൽഗ്രിം സെന്ററിലും, ചേർത്തല വടക്കു വില്ലേജിൽ അംബേദ്കർ കോളനിയിലെ 18 കുടുംബങ്ങൾക്കായി സമീപത്തെ കമ്മ്യൂണിറ്റി ഹാളിലും, 81 കുടുംബങ്ങൾക്കായി തങ്കി ഹൈസ്‌കൂളിലുമാണ് ക്യാമ്പ് ആരംഭിച്ചത്.
താലൂക്കിലെ 3000ത്തോളം കുടുംബങ്ങളാണ് വെള്ളക്കെട്ടു ഭീഷണി നേരിടുന്നത്. നഗരത്തിന്റെ കിഴക്കൻ ഭാഗങ്ങളിലും വെള്ളക്കെട്ടാണ്. വെള്ളക്കെട്ടിനെ തുടർന്ന് കഴിഞ്ഞദിവസം കടക്കരപ്പള്ളിയിൽ റോഡുപരോധിച്ചവരെ എ.ഡി.എം ഐ.അബ്ദുൾസലാമും തഹസിൽദാർ ആർ.ഉഷയും സന്ദർശിച്ചു. ഇവരുടെ മറ്റാവശ്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാമെന്ന് എ.ഡി.എം അറിയിച്ചു. അന്ധകാരനഴി മുറിക്കൽ ഇന്നലെ ഉച്ചയോടെ പൂർത്തിയായി. ശക്തമായ കാറ്റിൽ മരം മറിഞ്ഞ് വീണ് കടക്കരപ്പള്ളി പഞ്ചായത്ത് 12-ാം വാർഡ് തൈക്കൽ വളപ്പിൽ ശോഭ സോമന്റെ വീടിന്റെ മേൽക്കൂര ഭാഗികമായി തകർന്നു. മരംമറിഞ്ഞ് പലയിടങ്ങളിലായി ഏഴു ഇലക്ട്രിക് പോസ്റ്റുകളും വൈദ്യുതി ലൈനുകളും തകർന്നു. ചേർത്തല ബോട്ട് ജെട്ടിക്ക് സമീപവും പള്ളിപ്പുറം ചെങ്ങണ്ട കല്ലറത്തറ ഭാഗത്തുമാണ് മരംവീണത്. ഇതുമൂലമുണ്ടായ വൈദ്യുതി തടസം ഇന്നലെ വൈകിട്ടോടെയാണ് പുന:സ്ഥാപിച്ചത്. 2.45 ലക്ഷത്തിന്റെ നഷ്ടം കെ.എസ്.ഇ.ബിക്ക് ഉണ്ടായെന്ന് അധികൃതർ പറഞ്ഞു.