ആലപ്പുഴ: ക്ഷീരകർഷകരുടെ നട്ടെല്ലൊടിക്കുന്ന രീതിയിൽ മിൽമയുടെ കാലിത്തീറ്റകൾക്ക് വില കൂടും. 168 രൂപ മുതൽ 175 രൂപ വരെയാണ് കൂടുക. കാലിത്തീറ്റ ഉണ്ടാക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളുടെ വില കുത്തനെ കൂടിയതാണ് കാരണമായി മിൽമ പറയുന്നത്. വില കൂട്ടിയില്ലെങ്കിൽ മിൽമ വലിയ നഷ്ടത്തിലേക്ക് കൂപ്പുകൂത്തും. കഴിഞ്ഞ വർഷം ഇതേസമയത്തുണ്ടായിരുന്ന വിലയേക്കാൾ 50 ശതമാനത്തോളമാണ് അസംസ്കൃത വസ്തുക്കൾക്ക് വിലകൂടിയത്. തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് അസംസ്കൃത വസ്തുക്കൾ വാങ്ങുന്നത്. കുറേ മാസങ്ങളായി അവർ അസംസ്കൃത വസ്തുക്കളുടെ വില കൂട്ടി വരികയായിരുന്നു. ഇപ്പോൾ ഒറ്റയടിക്ക് 200 രൂപയുടെ വരെ വർദ്ധനയുണ്ടായി. ഇരുപതിലധികം അസംസ്കൃത വസ്തുക്കളുപയോഗിച്ചാണ് കാലിത്തീറ്റനിർമ്മാണം. മൂവായിരം സൊസൈറ്റികൾ വഴിയാണ് കാലിത്തീറ്റകളുടെ വില്പന.
#കാലിത്തീറ്റ മൂന്ന് ഇനം
1.റിച്ച്, 2. ഗോൾഡ്, 3. ബൈപ്രോ
#അസംസ്കൃത വസ്തുക്കളുടെ വില
( 2019 ലെയും 2018 ലെയും വില)
എണ്ണയില്ലാത്ത തവിട്...........21,900 (13,000)
ചോളം....................................27,900 (14,000)
പരുത്തിക്കുരു......................33,000 (22,000)
എണ്ണയില്ലാത്ത തവിട്..........24,600 (18,500)
കൊപ്രാ പിണ്ണാക്ക്...............23,000 (21250)
# കാലിത്തീറ്റ വില ഇങ്ങനെ
(50 കിലോയുള്ള ഒരു ചാക്കിന് ഇപ്പോഴത്തെ വിലയും ബ്രാക്കറ്റിൽ രണ്ട് മാസം മുമ്പുള്ള വിലയും)
റിച്ച് 1170, (1120), ഗോൾഡ് 1300 (1250), ബൈപ്രോ 1345 (1270)
#രണ്ട് പ്ളാൻറുകൾ
കാലിത്തീറ്റ ഉദ്പാദിപ്പിക്കുന്നത് ചേർത്തലയിലെയും മലമ്പുഴയിലെയും പ്ളാന്റുകളിൽ. ഓരോ പ്ളാന്റിലും 6000 ടൺ കാലിത്തീറ്റ ഉദ്പാദിപ്പിക്കാനുള്ള ശേഷിയുണ്ട്. മലമ്പുഴയിലെ പ്ളാന്റ് അറ്റകുറ്റപ്പണിക്കായി അടച്ചു. ഇതിനുപകരമായി ഈറോഡിലെ ഒരു പ്ളാൻറ് വാടകയ്ക്കെടുത്താണ് ഉദ്പാദനം.
#കർഷകരിൽ നിന്ന് ക്ഷീരസഹകരണ സംഘം പാൽ വാങ്ങുന്നത് ഒരു ലിറ്ററിന് 35 രൂപയ്ക്ക്
#പത്ത് കിലോ പാൽ തരുന്ന പശുവിന് ഒരു ദിവസം വേണ്ടിവരുന്ന കാലിത്തീറ്റ 7 കിലോ
#50 കിലോയുള്ള ഒരു ചാക്ക് കാലിത്തീറ്റ ഒരു പശുവിന് ഏഴ് ദിവസം കൊടുക്കാം.
#ഒരു മാസം വേണ്ടി വരുന്നത് നാല് ചാക്ക് കാലിത്തീറ്റ
#കൂടുതൽ കർഷകരും വാങ്ങുന്നത് റിച്ച് കാലിത്തീറ്റ
#ഒരുമാസം നാല് റിച്ച് കാലിത്തീറ്റയ്ക്ക് വില 4680 രൂപ
#സബ്സിഡിയില്ല
കഴിഞ്ഞ വർഷം ഡിസംബർ വരെ 300 രൂപ വരെ ഒരു ചാക്കിന് മിൽമ കർഷകർക്ക് സബ്സിഡി നൽകിയിരുന്നു. ജനുവരിയിൽ സബ്സിഡി 200 രൂപയായി കുറച്ചു. ഏപ്രിൽ മുതൽ സബ്സിഡി മൊത്തമായി എടുത്തു കളഞ്ഞു.
''കാലിത്തീറ്റ നിർമ്മാണത്തിൽ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. പിടിച്ചു നിൽക്കാനാവുന്നില്ല. വില വലിയ രീതിയിൽ കൂടാതിരിക്കാൻ വടക്കേ ഇന്ത്യയിൽ നിന്ന് ഇ ടെൻഡർ വിളിച്ച് അസംസ്കൃത വസ്തുക്കൾ വാങ്ങാനുള്ള ശ്രമം നടക്കുന്നുണ്ട്.
കരുമാടി മുരളി
മിൽമ ഡയറക്ടർ ബോർഡ് അംഗം