moshanam

കായംകുളം: തേയില വാങ്ങാനെന്ന വ്യാജേനയെത്തി കായംകുളത്തെ തേയിലക്കടയിൽ നിന്ന് ഒരു ലക്ഷം രൂപ കവർന്നയാളെ വീട്ടിലെത്തും മുമ്പ് പണം സഹിതം പൊലീസ് അറസ്റ്റു ചെയ്തു. കണ്ണൂർ കോട്ടട കക്കര റോഡിൽ റാഷി ഹൗസിൽ മുഹമ്മദ് സാജിദിനെയാണ് (46) എറണാകുളം കലൂരിലെ വാടക വീടിന് സമീപത്തു നിന്ന് കായംകുളം സി.ഐ കെ. വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതി വീട്ടിലെത്തും മുമ്പുതന്നെ പൊലീസ് ഇവിടെ എത്തിയിരുന്നു.

ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെ കായംകുളം പൊലീസ് സ്റ്റേഷനു വടക്ക് മുക്കവലയിലുള്ള വാഴപ്പള്ളിൽ പ്രഭാകരന്റെ 'പ്രഭാകരൻ ടീ' എന്ന തേയിലക്കടയിലാണ് മോഷണം നടന്നത്. പൊലീസിന് അഭിമാനിക്കാനാവും വിധം ഇയാളെ പൊക്കാൻ സഹായിച്ചത് സി.സി ടിവി ദൃശ്യങ്ങളാണ്. മാന്യമായ വേഷം ധരിച്ച് ചുവന്ന ഹുണ്ടായ് കാറിൽ വന്നിറങ്ങി സാജിദ് മേശവലിപ്പിൽ നിന്ന് പണം കവർന്ന് മടങ്ങുന്നത് സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ കാമറയിൽ പതിഞ്ഞു. വാഹനത്തിന്റെ നമ്പർ മനസിലായതോടെ വിലാസം സഹിതമുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചതോടെയാണ് പെട്ടന്ന് കുടുക്കാൻ കഴിഞ്ഞത്. കണ്ണൂർ സ്വദേശിയാണങ്കിലും മൂന്ന് മക്കൾക്കൊപ്പം എറണാകുളം കലൂരിലെ വാടക വീട്ടിലാണ് സാജിദ് ഇപ്പോൾ താമസിക്കുന്നത്. പണവുമായി വൈകിട്ട് ഏഴ് മണിയോടെ വീട്ടിലെത്തുമ്പോൾ എറണാകുളം നോർത്ത് പൊലീസിന്റെ സഹായത്തോടെ കായംകുളം പൊലീസ് കാത്തു നിൽക്കുന്നുണ്ടായിരുന്നു. 2014 ൽ കോഴിക്കോട് പയ്യോളി പൊലീസ് സ്റ്റേഷൻ പരിധിയിൽ സമാനമായ തട്ടിപ്പ് നടത്തി ജയിലിലായിട്ടുണ്ട്. കടകളിൽ നിന്നു തന്ത്രപൂർവ്വം പണം കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇയാൾ കായംകുളത്ത് വന്നത്. ഒരു സ്വകാര്യ ബാങ്കിലെ ലോൺ വിഭാഗത്തിൽ പ്രവർത്തിച്ചിട്ടുള്ള ഇയാൾ കൂടുതൽ തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണന്ന് കായംകുളം സി.ഐ കെ. വിനോദ് പറഞ്ഞു.