a

മാവേലിക്കര : കുറത്തികാട് കോട്ടാത്തറ റോഡിൽ വാഹനം ഓടയിലേക്ക് ചരിയുന്നത് തുടർകഥയാകുന്നു. ഏഴ് ദിവസത്തിനിടെ ഏഴ് വാഹനങ്ങളാണ് ചരിഞ്ഞത് . ഇന്നലെ മാത്രം 3 വാഹനങ്ങൾ ചരിഞ്ഞു.

തഴയിൽ ഭാഗത്തെ കലുങ്ക് നിർമ്മാണത്തെ തുടർന്നാണ് വാഹനങ്ങൾ കോട്ടാത്തറ റോഡിലൂടെ സഞ്ചരിക്കുന്നത്. വീതികുറഞ്ഞ റോഡിൽ രണ്ട് വലിയ വാഹനങ്ങൾക്ക് പോകാനുള്ള സ്ഥലം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം. ഇന്നലെ രാവിലെ 7.30ന് കോട്ടാത്തറക്കടുത്ത് റോഡരികിലേക്ക് ചരിഞ്ഞ പിക്കപ്പ് വാൻ നാട്ടുകാരും വഴിയാത്രക്കാരും ചേർന്ന് റോഡിലേക്ക് തള്ളിക്കയറ്റി. 8 മണിയോടെ കണ്ണനാകുഴി സ്വദേശി അരുണിന്റെ കാർ ചേരാവള്ളി ഭാഗത്ത് സ്ക്കൂൾ ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓടയിലേക്ക് ചരിഞ്ഞു. നാട്ടുകാരും ഓട്ടോറിക്ഷാ തൊഴിലാളികളും ഏറെ പണിപ്പെട്ടാണ് കാർ റോഡിലേക്ക് കയറ്റിയത്.

11.45നാണ് പെയിന്റിംഗ് കഴിഞ്ഞ് പോയ മിനി ടിപ്പർ ലോറി കോട്ടാത്തറക്ക് സമീപം ബൈക്കിന് സൈഡ് കൊടുക്കുന്നതിനിടെ വീടിന്റെ പിറകിലെ മതിലിലേക്ക് ചരിഞ്ഞത്. ജെ.സി.ബി എത്തിച്ചാണ് ടിപ്പർ തിരിച്ച് കൊണ്ടുപോയത്. ചൊവ്വാഴ്ച്ച രാവിലെ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പർ ലോറിയും ബൈക്ക് യാത്രക്കാരനും ഓടയിലേക്ക് ചരിഞ്ഞിരുന്നു. മുൻ ദിവസങ്ങളിൽ വീടുകളുടെ മതിൽ തകർത്തുള്ള അപകടങ്ങളുമുണ്ടായി. ഓടകളിൽ വെള്ളം ഒഴുകിമാറാതെ നിറഞ്ഞ് നിൽക്കുന്നതാണ് വാഹനങ്ങൾ പുതയാൻ കാരണമെന്ന് വാഹന ഡ്രൈവർമാർ പറയുന്നു.