anganvady-building

മാന്നാർ : കുരുന്നുകൾക്ക് പഠിക്കാൻ ചോർന്നൊലിക്കുന്ന കെട്ടിടം. മഴ കനത്താൽ പഠനം മറ്റൊരു മുറിയിലേക്ക് മാറ്റും. ചെന്നിത്തല പഞ്ചായത്ത് ചെറുകോൽ പതിനൊന്നാം വാർഡിലെ അംഗൻവാടിയ്ക്കാണ് ഈ ദുരവസ്ഥ. വാടകക്കെട്ടിടത്തിലാണ് അംഗൻവാടിയുടെ പ്രവർത്തനം. കെട്ടിടം ചോർന്നൊലിച്ചതോടെ കെട്ടിടത്തിന്റെ ഭിത്തികൾ നനഞ്ഞ് വിണ്ടുകീറിയിരിക്കുകയാണ്. അപകടാവസ്ഥയിലായ കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്ക് പഞ്ചായത്തിന്റെ തനതു ഫണ്ടിൽ നിന്ന് എഴുപതിനായിരം രൂപ അനുവദിച്ചെങ്കിലും കരാർ ഏറ്റെടുക്കുവാൻ ആരും തയ്യാറാകാത്തതാണ് ഇപ്പോഴത്തെ ദുരവസ്ഥക്ക് കാരണം.

മഴ പെയ്താൽ, കുട്ടികളെ ഇരുത്തി പഠിപ്പിക്കുന്ന മുറിയിൽ വെള്ളം വീഴും. കെട്ടിടത്തിന്റെ ചോർച്ച തടയാൻ മേൽക്കൂരയിൽ പ്ളാസ്റ്റിക് പടുത വിരിച്ചെങ്കിലും വലിയ പ്രയോജനമില്ല. കെട്ടിടത്തിന്റെ ശോച്യാവസ്ഥ കാരണം കുട്ടികളെ ഇവിടേക്ക് അയക്കാൻ രക്ഷിതാക്കൾ മടിക്കുകയാണ് ഇപ്പോൾ. പതിനഞ്ച് കുട്ടികൾ ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഏഴ് കുട്ടികൾ മാത്രമാണ് പതിവായി വരുന്നത്. അഗൻവാടിക്ക് സ്വന്തമായി സ്ഥലം കണ്ടത്തി പുതിയ കെട്ടിടം പണിയണമെന്നാണ് രക്ഷാകർത്താക്കളുടെ ആവശ്യം.



'' അറ്റകുറ്റപ്പണികൾക്ക് കരാർ ഏറ്റെടുക്കാൻ ആരും മുന്നോട്ട് വരാത്ത സ്ഥിതിയ്ക്ക് എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി പുതിയ കെട്ടിടം പണിയുന്നതിനുള്ള നിർദേശം വയ്ക്കും

ഇ.എൻ നാരായണൻ

(ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്)