പൂച്ചാക്കൽ: കൈലാസനോ ശ്യാമയോ അടുത്തില്ലെങ്കിൽ അഞ്ജലിയുടെ സ്വഭാവം മാറും. എന്താവും ചെയ്യുകയെന്നത് പറയാനാവില്ല. ചിലപ്പോൾ കൈ കടിച്ചുമുറിക്കും. അല്ലെങ്കിൽ തല ഭിത്തിയിൽ ഇടിച്ചു പൊട്ടിക്കും. മകളുടെ അവസ്ഥ കാരണം ഇരുവർക്കും കൂലിപ്പണിക്കു പോകാൻ കഴിയാത്തതിനാൽ പട്ടിണിയാണ് വീട് പല ദിവസങ്ങളിലും.
പാണാവള്ളി പഞ്ചായത്ത് 18-ാം വാർഡ് വഞ്ചിപ്പുരയ്ക്കൽ കൈലാസൻ- ശ്യാമ ദമ്പതികളുടെ മകളാണ് 16 വയസുകാരിയായ അഞ്ജലി. ശാരീരികവും മാനസികവുമായ വെല്ലുവിളി നേരിടുന്ന അഞ്ജലിക്ക് ഓട്ടിസവുമുണ്ട്. കൂലിപ്പണിക്കാരാണ് മാതാപിതാക്കൾ. രണ്ടുപേരിൽ ഒരാളെങ്കിലും അടുത്തില്ലെങ്കിൽ അഞ്ജലിയെ നിയന്ത്രിക്കാനാവില്ല. പുറത്തിറങ്ങി ഓടാതിരിക്കാൻ വീട് ചുറ്റുവേലിയുടെ നിയന്ത്രണത്തിലാണ്. കസേരയിൽ ബന്ധിച്ച് ഇരുത്തേണ്ട അവസ്ഥയാണ് പലപ്പോഴും.
ഇതിനോടകം തന്നെ മകളുടെ ചികിത്സയ്ക്ക് കടംവാങ്ങിയും വിറ്റുപെറുക്കിയും നല്ലൊരുതുക ചെലവായി. അഞ്ജലിയുടെ രോഗാവസ്ഥ കാരണം പലപ്പോഴും ഇരുവർക്കും ജോലിക്കു പോകാനാവുന്നില്ല. അതുകൊണ്ടുതന്നെ, ഒമ്പതാംക്ളാസുകാരനായ ഇളയ മകൻ കാശിനാഥന്റെ പഠനച്ചെലവു പോലും കണ്ടെത്താൻ ഈ മാതാപിതാക്കൾക്കു കഴിയുന്നില്ല. കഴിഞ്ഞ ദിവസം വീടിനുള്ളിൽ വീണ് അഞ്ജലിക്ക് ചെറിയ പരിക്കേറ്റെങ്കിലും ആശുപത്രിയിൽ കൊണ്ടുപോവാൻ പണമില്ലാതിരുന്നതുകൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.
വരുമാനം അവതാളത്തിലായതോടെ നിത്യച്ചെലവു പോലും മുടങ്ങുന്ന അവസ്ഥയായി. തൃച്ചാറ്റുകുളം ഫെഡറൽ ബാങ്കിൽ ചികിത്സയ്ക്കുവേണ്ടി കൈലാസന്റെ പേരിൽ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. നമ്പർ:19960100045347. IFSC - FDRL0001996. ഫോൺ: 9567497664