sammeda

കുട്ടനാട്: വീട്ടിൽ മുത്തച്ഛനൊപ്പം നിറുത്തിയ ശേഷം അമ്മ അടുക്കളയിലേക്കു പോയ തക്കം നോക്കി

മുറ്റത്തെ വെള്ളത്തിലേക്ക് ചാടിയ രണ്ടുവയസുകാരി മുങ്ങിമരിച്ചു. മുട്ടാർ പഞ്ചായത്ത് 13-ാം വാർഡ് മിത്രക്കരി വള്ളിപ്പറമ്പ് വീട്ടിൽ സുരേഷ്-പ്രമിദ ദമ്പതികളുടെ ഇളയ മകൾ സമീദയാണ് മരിച്ചത്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം.

കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മുറ്റവും പരിസരവും ഒരടിയിലേറെ വെള്ളത്തിലായിരുന്നു. സുരേഷ് വീട്ടിൽ ഇല്ലാതിരുന്ന സമയം കുട്ടിയെ മുറിയിൽ മുത്തച്ഛന്റെ അരികിൽ നിറുത്തിയശേഷം പ്രമിദ അടുക്കളയിലേക്ക് പാേയ നേരം കുട്ടി പൊടുന്നത്തെ മുറ്റത്തേക്ക് ചാടിയിറങ്ങുകയായിരുന്നു. മുത്തച്ഛൻ ബഹളമുണ്ടാക്കിയതുകേട്ട് പിന്നാലെ ചാടിയിറങ്ങിയ പ്രമിദ കൈയെത്തി പിടിക്കുന്നതിനു മുമ്പ്, തൊട്ടപ്പുറത്തെ ആലപ്പുറത്തുകാട് പാടശേഖരത്തിലെ ആഴമേറിയ കുളത്തിലേക്ക് കുഞ്ഞ് വീഴുകയായിരുന്നു. കുളത്തിലേക്ക് ചാടിയ പ്രമിദയും മുങ്ങിത്താഴ്ന്നു. ബഹളം കേട്ടെത്തിയ നാട്ടുകാർ കുളത്തിൽ ചാടി പ്രമിദയെയും മകളെയും കരയ്ക്കെത്തിച്ചെങ്കിലും കുഞ്ഞിന്റെ മരണം സംഭവിച്ചിരുന്നു. സഹോദരൻ സഞ്ചു.