ചേർത്തല:ചേർത്തല തെക്ക് സഹകരണബാങ്കിന്റെ കീഴിലുള്ള സാംസ്‌കാരിക സ്ഥാപനമായ മോത്തിലാൽ സ്മാരക ഗ്രന്ഥശാലയുടെ 'വീട്ടുമുറ്റത്തൊരു വായനക്കൂട്ടം' പരിപാടിയുടെ ഭാഗമായി ഗ്രാമീണ ജനതയുടെ വേറിട്ട ഒത്തുചേരലിന് വേദിയൊരുങ്ങി. മായിത്തറ ഇലഞ്ഞിയിൽ തറവാട്ടുമുറ്റത്ത് പരിസരവാസികളായ സാധാരണക്കാരാണ് ഒത്തുചേർന്ന് പുസ്തക വായനയുടെ പ്രധാന്യവും പ്രസക്തിയും ചർച്ചചെയ്തത്.
സ്ത്രികൾ ഉൾപ്പെടെ നൂറിലധികംപേർ പരിപാടിയിൽ പങ്കാളികളായി. വായന നിത്യജീവിതത്തിന്റെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെ ഗ്രന്ഥശാല ആവിഷ്‌കരിച്ച പരിപാടികളിലൊന്നാണ് വീട്ടുമുറ്റത്തൊരു വായനക്കൂട്ടം. വയലാർ അവാർഡ് ജേതാവ് കെ.വി.മോഹൻകുമാർ ഉദ്ഘാടനംചെയ്ത 'അക്ഷരശ്രീ' പദ്ധതിയുടെ തുടർച്ചയാണിത്.
വിദ്യാഭ്യാസ പ്രവർത്തകൻ ബി.മുരളീധരൻ വായനക്കൂട്ടം ഉദ്ഘാടനംചെയ്തു. ഗ്രന്ഥാശല പ്രസിഡന്റ് സി.വി.മനോഹരൻ അദ്ധ്യക്ഷനായി.പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.കാവ്യലോകത്തെ പഞ്ചമഹാശക്തികൾ' എന്ന വിഷയം കാഥികൻ ആലപ്പി രമണൻ അവതരിപ്പിച്ചു.വിജയമ്മ ഗോപാലകൃഷ്ണൻ,റോസ്‌മേരി,കെ.അജയൻ,ശോഭ സുധാകരൻ,വി.കെ.സാനു, സി.എ.ബൈജു എന്നിവർ സംസാരിച്ചു. ജി. ദുർഗാദാസ് സ്വാഗതവും പി.എൻ.പ്രേംജിത്ത് ലാൽ നന്ദിയും പറഞ്ഞു.ഒമ്പത് വാർഡുകളിലും അക്ഷരശ്രീയോടൊപ്പം വായനക്കൂട്ടം ഒരുക്കുമെന്ന് സി.വി.മനോഹരൻ പറഞ്ഞു.