nh-kollam-theni

അപകടമുണ്ടാക്കി​ പാറ്റൂർ കുടിവെള്ള പദ്ധതിയുടെ കുഴി

ചാരുംമൂട്: ഒരാഴ്ച്ചയ്ക്കി​ടെ മൂന്ന് അപകടങ്ങൾ. മൂന്നി​ലെയും വി​ല്ലൻ ഒരു കുഴി​. കൊല്ലം തേനി ദേശീയ പാതയിൽ ചാരുംമൂട് ജംഗ്ഷനിലാണ് ഈ കുഴി​യുടെ സ്ഥാനം. കൃത്യമായി​ പറഞ്ഞാൽ താമരക്കുളം കൊല്ലം ഭാഗത്തേക്കുള്ള വെയ്റ്റിംഗ് ഷെഡിനു സമീപം.


പാറ്റൂർ കുടിവെള്ള പദ്ധതിക്കായി പൈപ്പ് ലൈൻ സ്ഥാപിക്കാൻ കൊല്ലം തേനി ദേശീയ പാതയിൽ ചാരുംമൂട് ജംഗ്ഷനിൽ റോഡ് വെട്ടി മുറിച്ചതാണ് വലിയ കുഴിയായി മാറി​യത്. പൈപ്പ് ലൈൻ സ്ഥാപിച്ച് രണ്ടു മാസം കഴിഞ്ഞിട്ടും റോഡ് റീ ടാറിംഗ് ചെയ്യാത്തതാണ് പ്രശ്നം. കുഴി​ ഇന്ന് അടിക്കടി ബൈക്ക് യാത്രികർക്ക് വില്ലനാകുകയാണ്. രാത്രി കുഴി ശരിയായി കാണാൻ കഴിയാത്തതി​നാൽ അപകടങ്ങൾ ഏറുന്നു. കഴിഞ്ഞ ദി​വസം രാത്രി ബൈക്കിൽ വന്ന അന്യ സംസ്ഥാന തൊഴിലാളിയുടെ കാൽ ഒടിഞ്ഞതാണ് അപകട പരമ്പരയി​ലെ ഒടുവിലത്തെ സംഭവം.

പാറ്റൂർ കുടിവെള്ള പദ്ധതിയിൽ ഉൾപ്പെടുത്തി താമരക്കുളം പഞ്ചായത്തിലെ നാല്, അഞ്ച്, പതിനാറ് വാർഡുകളിൽ കുടിവെള്ളം എത്തിക്കാനാണ് ആർ രാജേഷ് എം. എൽ. എ യുടെ വികസനഫണ്ടിൽ 820000 രൂപ അനുവദിച്ച് പദ്ധതി വർക്ക് തുടങ്ങിയത്. ചാരുംമൂട് ജംഗ്ഷനിൽ നിന്നും തെക്ക് ഭരണിക്കാവ് ബ്ലോക്ക് ഓഫീസ് വരെ റോഡ് മുറിച്ചു പൈപ്പ് സ്ഥാപിച്ചു.

.

യാത്രക്കാരും നാട്ടുകാരും

പറയുന്നതെന്ത്

പൈപ്പ് ലൈൻ സ്ഥാപിക്കുമ്പോൾ ഉത്സാഹത്തോടെ ഓടിനടന്ന വാർഡ് മെമ്പർമാരുൾപ്പടെ ആരും ഇപ്പോൾ കുഴി അടക്കാനോ റോഡ് റീടാറിംഗ് ചെയ്യാൻ വേണ്ട നടപടി സ്വീകരിക്കാനോ തയ്യാറാകുന്നി​ല്ല. കുഴി ആരുടെയെങ്കിലും ജീവൻ എടുക്കുന്നതിന് മുൻപ് എത്രയും പെട്ടെന്ന് റീ ടാറിംഗ് നടത്തണം.

ഉദ്യോഗസ്ഥർ പറയുന്നത്

ഹൈവേ അതോറിട്ടിയും വാട്ടർ അതോറിട്ടി​യും തമ്മിൽ റോഡ് റിസർവേഷൻ ചാർജിന്റെ എസ്‌റ്റിമേഷൻ തുകയുടെ കാര്യത്തിൽ തർക്കം നിലനിൽക്കുന്നു. കുഴിഅടയ്ക്കുന്നതിനും റീ ടാറിംഗി​നും തടസമായി നിൽക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

വാട്ടർ അതോറി​ട്ടി​ ആരോപണം

വാട്ടർ അതോറിറ്റി റോഡ് റിസർവേഷൻ ചാർജിൽ 383000 രൂപ വകയിരുത്തിയപ്പോൾ 491000 രൂപയുടെ എസ്റ്റി​മേഷൻ ആണ് ഹൈവേ അതോറിട്ടി​ നൽകിയതെന്ന് വാട്ടർ അതോറിട്ടി​ ആരോപിക്കുന്നു.