ഹരിപ്പാട്: മുതുകുളം ലയൺസ് ക്ളബ് ഭാരവാഹികൾ 27ന് വൈകിട്ട് 6.30ന് രാമപുരം താമരശേരിൽ കൺവെൻഷൻ സെന്ററിൽ നടക്കുന്ന ചടങ്ങിൽ സ്ഥാനമേൽക്കും. വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെയും എക്സലൻസി അവാർഡിന്റെയും ഉദ്ഘാടനവും ചടങ്ങിൽ നടക്കും.
കഴിഞ്ഞ പ്രളയ കാലത്ത് കോടിക്കണക്കിന് രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളാണ് ലയൺസ് ക്ളബ്സ് ഇന്റർനാഷണൽ നടത്തിയത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് മുതുകുളം ലയൺസ് ക്ളബ് പുതിയ വർഷത്തിൽ ഊന്നൽ നൽകുന്നതെന്ന് വാർത്താ സമ്മേളനത്തിൽ ഭാരവാഹികൾ പറഞ്ഞു. തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിലെ രോഗികൾക്കും കൂട്ടിരുപ്പുകാർക്കും ഭക്ഷണം കൊടുക്കുന്നതിനുള്ള ധനസഹായം, ഹരിപ്പാട് സബർമതി സ്കൂളിന്റെ പ്രവർത്തനങ്ങൾക്ക് സംഭാവന, പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സംഭാവന, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വൃക്ഷത്തൈ വിതരണം, പ്രമേഹ രോഗനിർണയ ക്യാമ്പ്, കാൻസർ രോഗനിർണയ ക്യാമ്പ്, ട്രാഫിക് ബോധവത്കരണ സെമിനാർ, സ്തനാർബുദ നിർണയ ക്യാമ്പ്, അംഗൻവാടികൾക്ക് കുടിവെള്ള വിതരണത്തിനുള്ള പരിപാടികൾ, സൗജന്യ നേത്രപരിശോധനയും ആവശ്യമുള്ളവർക്ക് നേത്ര ശസ്ത്രക്രിയയും കണ്ണാടി വിതരണവും, വനിതകൾക്ക് ജീവനോപാധിയായി തയ്യൽ മെഷീൻ വിതരണം തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
2019-20 വർഷത്തെ ഭാരവാഹികളായി ആർ.കെ. പ്രകാശ് (പ്രസിഡന്റ്), സതിയമ്മ സുരേന്ദ്രൻ (സെക്രട്ടറി), ടി.കെ. വിശ്വംഭരൻ (അഡ്മിനിസ്ട്രേറ്റർ), പി.സദാശിവൻ (ട്രഷറർ), എൻ.സുരേന്ദ്രൻ (ഐ.പി.പി/ മെമ്പർഷിപ്പ് ചെയർപേഴ്സൺ), സി.പ്രദീപ് (ഫസ്റ്റ് വൈസ് പ്രസിഡന്റ്), പി.കെ. കാർത്തികേയൻ (സെക്കൻഡ് വൈസ് പ്രസിഡന്റ്), സി.ദീപക് (എൽ.സി.ഐ.എഫ് കോ-ഓർഡിനേറ്റർ), എ.അജിത് കുമാർ (സർവീസ് ചെയർപേഴ്സൺ), ടി.സതീഷ് കുമാർ (മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ചെയർപേഴ്സൺ) എന്നിവർ സ്ഥാനമേൽക്കും.
സമ്മേളനം ഡയമണ്ട് ജ്യൂബിലി ഡിസ്ട്രിക്ട് ഗവർണർ ഡോ.എൻ.രമേശ് ഉദ്ഘാടനം ചെയ്യും. എൻ.സുരേന്ദ്രൻ അദ്ധ്യക്ഷനാകും. ആർ.കെ പ്രകാശ് സ്വാഗതം പറയും. എക്സലൻസി അവാർഡ് വി.സുരേഷ് കുമാർ ഏറ്റുവാങ്ങും. ഡോ.എ. കണ്ണൻ, ഡോ.വി.സുജിത്ത്, അജയ് ചന്ദ്ര, ആർ.ഹരീഷ് ബാബു, ഇന്ദിര ജി.നായർ, സതിയമ്മ സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും. 'കേരളകൗമുദി'യുമായി ചേർന്ന് മുതുകുളം ലയൺസ് ക്ളബ് നടപ്പാക്കുന്ന റീഡിംഗ് ആക്ഷൻ പ്രോഗ്രാം 'എന്റെ കൗമുദി' പദ്ധതിക്കുള്ള ചെക്ക് ചടങ്ങിൽ കൈമാറും. വാർത്താ സമ്മേളനത്തിൽ നിയുക്ത പ്രസിഡന്റ് ആർ.കെ പ്രകാശ്, എൻ.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.