a

മാവേലിക്കര: പൊടി മീനുകളെപ്പോലും പിടികൂടി കറിവച്ചു കൂട്ടുന്നവർക്കിടയിൽ ഏറെ വ്യത്യസ്തനാണ് തൃപ്പെരുന്തുറ കുളങ്ങരയിൽ ജോസ് ജോസഫ്. ഫിഷറീസ് വകുപ്പിൽ നിന്നു ലഭിച്ച ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെയാണ് സ്വകാര്യ കുളങ്ങളിലും പൊതുജലാശയങ്ങൾ, ക്ഷേത്രക്കുളങ്ങൾ, വിവിധ പാടശേഖരങ്ങൾ, ചാലുകൾ, അച്ചൻകോവിൽ, പമ്പ, പുത്തനാർ എന്നിവിടങ്ങളിലുമൊക്കെ നിക്ഷേപിച്ചത്.

പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തിലെ അംഗമായ ജോസ് ജോസഫ് (64) ഒമ്പതു വർഷമായി ജനകീയ മത്സ്യക്കൃഷി പദ്ധതിയുടെ ഭാഗമായി ചെങ്ങന്നൂർ-മാവേലിക്കര മണ്ഡലങ്ങളിൽ വിവിധ പഞ്ചായത്തുകളിലെ അക്വ കൾച്ചർ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുകയാണ്. മത്സ്യസമ്പത്ത് വർദ്ധിപ്പിച്ച് ഭാവിയിലേക്കുള്ള കരുതൽ ഒരുക്കുകയാണ് ജോസ് ജോസഫിന്റെ ലക്ഷ്യം. ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ ജനകീയ മത്സ്യക്കൃഷി പദ്ധതി പ്രകാരം നൂറുമേനി വിളവെടുപ്പ് നടത്തിയതിലൂടെ ജില്ലയിലെ മികച്ച മത്സ്യകർഷക പഞ്ചായത്തായി ചെന്നിത്തലയെ തിഞ്ഞെടുത്തിരുന്നു. ഈ നേട്ടത്തിനു പിന്നിൽ ജോസിന്റെ വലിയൊരു അദ്ധ്വാനമുണ്ട്.

ചെന്നിത്തല, മാന്നാർ, പുലിയൂർ, മുളക്കുഴ, മാവേലിക്കര തെക്കേക്കര എന്നീ പഞ്ചായത്തുകളിൽ ജനകീയ മത്സ്യക്കൃഷിയുടെ രണ്ടാംഘട്ടം സജീവമാക്കുകയാണ് ജോസിന്റെ ഇപ്പോഴത്തെ പ്രധാന ഉത്തരവാദിത്വം. മത്സ്യക്കുഞ്ഞുങ്ങളുടെ നിക്ഷേപം മുതൽ വിപണനം വരെ രാപ്പകൽ പരിപാലനത്തിന് കർഷകർക്കൊപ്പം ജോസ് എപ്പോഴുമുണ്ടാവും. ജോസിന്റെ സേവനം തേടിയെത്തുന്നവരും നിരവധിയാണ്.