y


ചാരുംമൂട്: എല്ലാ മലയാള മാസവും ശബരിമല നട തുറക്കുമ്പോൾ കോളടിക്കുന്നത് ട്രാക്ടർ സർവ്വീസുകാർ. ദർശനത്തിനെത്തുന്ന അയ്യപ്പൻമാരെ സ്വാമി അയ്യപ്പൻ റോഡിലൂടെ ട്രാക്ടറിൽ സന്നിധാനം വരെ എത്തിക്കുന്നതിലൂടെ പ്രതിദിനം രണ്ടു ലക്ഷം വരെയാണ് ഓരോ ട്രാക്ടറിന്റെയും വരുമാനം. ഇതിലെ ഒരു വിഹിതം പൊലീസിലും മറ്റ് ഉദ്യോഗസ്ഥരിലും എത്തുന്നുണ്ടെന്നതിനാൽ യാത്രയ്ക്ക് മറ്റ് തടസങ്ങളൊന്നും ഉണ്ടാവാറില്ല.


മലയാള മാസത്തിലെ ആദ്യ അഞ്ചു ദിവസങ്ങളിലാണ് ശബരിമലയിൽ ഭക്തജനത്തിരക്ക് ഉണ്ടാവുന്നത്. പമ്പ ഗണപതി കോവിലിൽ നിന്ന് അര കിലോമീറ്ററോളം മാറി സ്വാമി അയ്യപ്പൻ റോഡിൽ ഇപ്പോഴും ട്രാക്ടറുകളുടെ ക്യൂ ആണ്. ഓരോ ട്രിപ്പിലും എട്ട് അയ്യപ്പൻമാരെ വരെ കയറ്റും. നാലുപേരെ പിന്നിൽ നിറുത്തിയാണ് കൊണ്ടുപോവുന്നത്. ഒരാൾക്ക് 500 രൂപയാണ് നിരക്ക്. ആന്ധ്ര, കർണ്ണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള അയ്യപ്പൻമാരെ മാത്രമേ ട്രാക്ടറുകളിൽ കയറ്റുകയുള്ളൂ. മലയാളികൾ 100 രൂപയിൽ കൂടുതൽ കൊടുക്കില്ലെന്നതിനാലാണ് കയറ്റാത്തത്. സന്നിധാനത്ത് നടപ്പന്തലിന് അര കിലോമീറ്റർ ഇപ്പുറത്ത് അയ്യപ്പൻമാരെ ഇറക്കിവിടും. നടന്നു കയറാൻ രണ്ടു, രണ്ടര മണിക്കൂർ വേണ്ടിടത്ത് അര മണിക്കൂർ പോലും ടാക്ടറുകൾക്ക് വേണ്ടിവരുന്നില്ല. സന്നിധാനത്തേക്ക് എട്ടുപേരെയും തിരികെ എട്ടുപേരെയും എത്തിക്കുന്നതിലൂടെ ഒറ്റ വരവുപോക്കിൽ 8,000 രൂപ ട്രാക്ടർ സർവീസുകാർക്കു കിട്ടും. ദിവസം 30 ട്രിപ്പു വരെ നടത്താറുണ്ടെന്ന് ട്രാക്ടറുകാർ പറയുന്നു.


ട്രാക്ടർ സർവ്വീസുകാർ കൊയ്ത്ത് തുടങ്ങിയതോടെ ട്രോളി ചുമക്കുന്നവരുടെ വഴിമുടങ്ങി. മഴക്കാലമായതോടെ ട്രോളിക്ക് ആവശ്യക്കാരും കുറഞ്ഞു. ട്രോളി ചുമക്കുന്നവരിൽ പലരും ഇപ്പോൾ ട്രാക്ടർ ഡ്രൈവർമാരുടെ സിൽബന്തികളായി മാറിക്കഴിഞ്ഞു. നടക്കാൻ ബുദ്ധിമുട്ടുള്ളവരെ കണ്ടെത്തി ട്രാക്ടറുകളിൽ എത്തിക്കുന്നത് ഇവരാണ്.


 ഒളിച്ചുകളി
സന്നിധാനത്തേക്കുള്ള സാധനങ്ങൾ കൊണ്ടുപോകാനായി നിയോഗിച്ചിട്ടുള്ള ട്രാക്ടറുകളിൽ ആളുകളെ കയറ്റരുതെന്ന് കോടതി ഉത്തരവു പോലും ഉള്ളതാണ്. ഇത് അവഗണിച്ചാണ് മലയാള മാസങ്ങളിലെ ആദ്യ ദിവസങ്ങളിൽ നടത്തുന്ന ഈ അപകടയാത്ര. ഉന്നത ഉദ്യോഗസ്ഥരും മറ്റും ദർശനത്തിനെത്തുമ്പോൾ ട്രാക്ടർ സർവ്വീസുകാർ ഓടിയൊളിക്കുന്നതും പതിവാണ്. പരമാവധി സർവ്വീസിന് ട്രാക്ടർ ഡ്രൈവർമാർ ശ്രമിക്കുമ്പോൾ അപകടഭീതിയിലാണ് മറ്റ് അയ്യപ്പൻമാർ മല ചവിട്ടുന്നത്.