cpi
സി.പി.എെ ജില്ലാ കൗൺസിൽ ഓഫീസ് മതിലിൽ പതിച്ച പോസ്റ്റർ

ആലപ്പുഴ: എറണാകുളത്ത് ലാത്തിച്ചാർജിനിടെ സി.പി.ഐ എം.എൽ.എ എൽദോ എബ്രഹാമിന് പരിക്കേറ്റ സംഭവത്തെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ന്യായീകരിച്ചതിൽ പ്രതിഷേധിച്ച് സി.പി.ഐ ജില്ലാ കൗൺസിൽ ഓഫീസ് മതിലിൽ പോസ്റ്റർ പതിച്ചു. 'കാനത്തെ മാറ്റൂ, സി.പി.എെയെ രക്ഷിക്കൂ' എന്ന പാേസ്റ്ററിൽ തിരുത്തൽവാദികൾ, സി.പി.എെ അമ്പലപ്പുഴ എന്നാണ് 'വിലാസം' രേഖപ്പെടുത്തിയിരിക്കുന്നത്. എൽദോ എം.എൽ.എയ്ക്കും സി.പി.ഐ എറണാകുളം ജില്ലാ സെക്രട്ടറി പി. രാജുവിനും സിന്ദാബാദ് വിളിയുമുണ്ട് പോസ്റ്ററിൽ.

അമ്പലപ്പുഴയുടെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകൾ നിരന്നു. ജില്ലാ കൗൺസിൽ ഓഫീസിന്റെ മതിലിലെ പോസ്റ്റർ പിന്നീട് പാർട്ടി പ്രവർത്തകർ കീറിക്കളഞ്ഞെങ്കിലും ജില്ലയുടെ പലഭാഗങ്ങളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ഓഫീസിന്റെ മതിലിൽ പോസ്റ്റർ പതിച്ചതിനെപ്പറ്റി അറിയില്ലെന്നാണ് ജില്ലാ നേതൃത്വം പറയുന്നത്.