tv-r

തുറവൂർ: എൻ.സി.സി കവല- തുറവൂർ റെയിൽവേ സ്റ്റേഷൻ റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ വാഹനങ്ങളും സൈക്കിളുകളും അണിനിരത്തി ഇന്ന് ഉപരോധ സമരം നടത്തും. ട്രെയിൻ യാത്രക്കാരടക്കം നിത്യേന നൂറ് കണക്കിനാളുകൾ സഞ്ചരിക്കുന്ന റോഡ് കുണ്ടും കുഴിയുമായി നാട്ടുകാരുടെ നടുവൊടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിടുന്നു. മഴക്കാലമായതോടെ കാൽനടയാത്ര പോലും അസാദ്ധ്യമായിട്ടും അധികൃതരും ജനപ്രതിനിധികളും തിരിഞ്ഞു നോക്കാത്തതിൽ പ്രതിഷേധിച്ചാണ് സമരം.

ജനകീയ ഉപരോധസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രദേശവാസികളായ നിരവധി സ്കൂൾ കുട്ടികൾ യൂണിഫോമിൽ അണി നിരക്കും. രാവിലെ 10ന് എൻ.സി.സി റോഡിൽ നടക്കുന്ന ജനകീയ ഉപരോധസമരം റോഡ് സംരക്ഷണ സമിതി കൺവീനറും കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ തുറവൂർ സുരേഷ് ഉദ്ഘാടനം ചെയ്യും.