photo

 നൊമ്പരമുള്ള ഓർമ്മയായി കുമരകം- മുഹമ്മ ബോട്ട് ദുരന്തം

ചേർത്തല: പിഞ്ചു കുഞ്ഞടക്കം 29 പേരുടെ ജീവനെടുത്ത കുമരകം- മുഹമ്മ ബോട്ട് ദുരന്തത്തിന് ഇന്ന് 17 വയസ്. 2002 ജൂലായ് 27 ന് രാവിലെ 6.30 ഓടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം.

മുഹമ്മയിൽ നിന്ന് രാവിലെ 5.45 ന് പുറപ്പെട്ട, ജലഗതാഗത വകുപ്പിന്റെ എ 53-ാം നമ്പർ ബോട്ട് കുമരകത്തിന് ഒരു കിലോമീ​റ്റർ പടിഞ്ഞാറു മാറിയാണ് അപകടത്തിൽപ്പെട്ടത്. കോട്ടയം ജില്ലയിൽ പി.എസ്.സിയുടെ ലാസ്​റ്റ് ഗ്രേഡ് പരീക്ഷയിൽ പങ്കെടുക്കാൻ പോയവരും രക്ഷിതാക്കളുമായിരുന്നു ഭൂരിഭാഗവും. കൂട്ടത്തിൽ സ്ഥിരം യാത്രക്കാരായ മത്സ്യ വിൽപ്പനക്കാരും കൂലിപ്പണിക്കാരും ഉണ്ടായിരുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ രണ്ടു കുടുംബങ്ങളിലെ മൂന്നു പേർ വീതം മരിച്ചു. 15 സ്ത്രീകളും 13 പുരുഷൻമാരും പിഞ്ചുകുട്ടിയുമാണ് മരണത്തിന്റെ കയത്തിലാണ്ടത്. മരിച്ചവരിലേറെയും മുഹമ്മ സ്വദേശികളായിരുന്നു.

ലൈസൻസും ഫി​റ്റ്‌നസും ലഭിക്കാത്ത ബോട്ടാണ് അപകടത്തിൽപ്പെട്ടത്. നൂറോളം പേർ മാത്രം സഞ്ചരിക്കേണ്ട ബോട്ടിൽ ഇരട്ടിയിലധികം പേർ കയറിയത് ദുരന്തത്തിന് ആക്കം കൂട്ടി. ബോട്ട് സർവീസ് യോഗ്യമല്ലെന്ന് കാട്ടി അപകടം നടക്കുന്നതിന് മാസങ്ങൾക്ക് മുമ്പേ, ബോട്ട് മാസ്​റ്ററായിരുന്ന രാജൻ നൽകിയ റിപ്പോർട്ട് അധികൃതർ അവഗണിച്ചത് ഏറെ ചർച്ചാ വിഷയമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ജുഡീഷ്യൽ മജിസ്‌ട്രേ​റ്റ് കോടതി മൂന്നിൽ നിലനിന്നിരുന്ന കേസിൽ പ്രതികളെയെല്ലാം കഴിഞ്ഞ മൂന്നിന് കോടതി വെറുതെ വിട്ടിരുന്നു.

 ബസ് സർവീസ് വേണം


മുഹമ്മ ബസ്​റ്റാൻഡിൽ നിന്ന് ഒരു കിലോമീ​റ്ററോളം കാൽനട സഞ്ചരിച്ചാണ് യാത്രക്കാർ ബോട്ട് ജെട്ടിയിൽ എത്തുന്നത്. ബസ് സർവീസുകൾ ബോട്ട് ജെട്ടിയിലേക്ക് നീട്ടണമെന്ന നാട്ടുകാരുടെ കാലങ്ങളായുള്ള ആവശ്യം ഇതുവരെ അധികൃതർ പരിഗണിച്ചിട്ടില്ല. പുലർച്ചെ 5.30 മുതൽ രാത്രി 8.30 വരെയാണ് ഇവിടെ ബോട്ട് സർവീസ് ഉള്ളത്. രാത്രി ബോട്ടിൽ വന്നിറങ്ങിയ ശേഷവും സ്റ്റാൻഡിലേക്ക് നടക്കേണ്ടി വരുന്നത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.


 ഓർമ്മപ്പൂക്കളുമായി അരങ്ങ്


ആദ്യവർഷത്തെ അനുസ്മരണം മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയെങ്കിലും തുടർന്ന് അധികൃതർ കൈയൊഴിഞ്ഞതോടെ അരങ്ങ് സോഷ്യൽ സർവീസ് ഫോറം ഇത് ഏ​റ്റെടുക്കുകയായിരുന്നു. തുടർച്ചയായി 16-ാം വർഷമാണ് അനുസ്മരണം നടത്തുന്നത്. ഇന്ന് രാവിലെ 7ന് മുഹമ്മ ബോട്ട് ജെട്ടിയിൽ നടക്കുന്ന ചടങ്ങിൽ, ദുരന്തത്തിൽ ജീവൻ പൊലിഞ്ഞവരുടെ ചിത്രങ്ങൾക്കു മുന്നിൽ ദീപം തെളിച്ച് പുഷ്പങ്ങൾ അർപ്പിച്ച ശേഷം കായലിൽ ഒഴുക്കും. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ അനുസ്മരണ പ്രഭാഷണം നടത്തും. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെ.ജയലാൽ അദ്ധ്യക്ഷത വഹിക്കും. അഡ്വ.എസ്.ശരത്, ആലപ്പി ഋഷികേശ്, ടി.ആർ.സുധീർ രാഘവൻ തൈപ്പറമ്പിൽ, സി.കെ.ഷാജി എന്നിവർ സംസാരിക്കും. അരങ്ങ് രക്ഷാധികാരി സി.പി.ഷാജി സ്വാഗതവും ടോമിച്ചൻ കണ്ണയിൽ നന്ദിയും പറയും. ഷാജി ഇല്ലത്ത് രചനയും സജി സ്വരരാഗ് ഈണവും നൽകി ഗാനം സ്വരരാഗ് സംഗീത വിദ്യാലയത്തിലെ വിദ്യാർത്ഥികൾ ആലപിക്കും. മരിച്ചവരുടെ ബന്ധുക്കളും നാട്ടുകാരും പങ്കെടുക്കും. മറ്റ് വിവിധ സംഘടനകളും അനുസ്മരണ ചടങ്ങ് സംഘടിപ്പിക്കുന്നുണ്ട്.