മാവേലിക്കര : നിർമ്മാണം നടക്കുന്ന റോഡിലൂടെ അമിതവേഗതയിൽ എത്തിയ സ്വകാര്യ ബസ് റോഡിൽ നിരത്തിയ മെറ്റലിൽ പുതഞ്ഞ് സമീപത്തെ വീടിന്റെ മതിലിലേക്ക് ചരിഞ്ഞു. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കുറത്തികാട് കറ്റാനം റോഡിൽ പഴയ കുറത്തികാട് പൊലീസ് സ്റ്റേഷന് സമീപം ഇന്നലെ വൈകിട്ട് 5ഓടെയാണ് മാവേലിക്കര-ഓച്ചിറ റൂട്ടിലോടുന്ന ബിസ്മി ബസ് അപകടത്തിൽപ്പെട്ടത്.
റോഡിൽ യന്ത്രം ഉപയോഗിച്ച് മെറ്റൽ നിരത്തുന്നിനിടയിലൂടെ ഓടിച്ച് പോകുമ്പോൾ ബസ്സിന്റെ ചക്രങ്ങൾ മെറ്റിലിൽ പുതയുകയായിരുന്നു. പുതഞ്ഞ ബസിൽ നിന്ന് കുറച്ചു യാത്രക്കാരെ മുൻവാതിലിലൂടെ പുറത്തിറക്കിയ ശേഷം വീണ്ടും മുമ്പോട്ട് എടുക്കുന്നതിനിടെയാണ് ഭരണിക്കാവ് വടക്ക് തോട്ടത്തിൽ റിട്ട.തഹസിൽദാർ രാധമ്മയുടെ വീടിന്റെ മതിലിലേക്ക് ചരിഞ്ഞത്. ഓടിക്കൂടിയ നാട്ടുകാരും പുറത്തിറങ്ങിയ യാത്രക്കാരും ചേർന്ന് ചരിഞ്ഞ ബസിൽ ഏണി ചാരിയാണ് മറ്റുള്ള യാത്രക്കാരെ രാധമ്മയുടെ വീട്ടുമുറ്റത്തേക്ക് ഇറക്കിയത്.
റോഡ് നിർമ്മാണം വകവയ്ക്കാതെ വേഗതയിൽ ബസ് ഓടിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു. ഇതിന്റെ പേരിൽ ബസ് ജീവനക്കാരും നാട്ടുകാരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഏറെ നേരത്തെ പരിശ്രമത്തെ തുടർന്ന് ബസിന്റെ ചക്രങ്ങൾക്കടിയിലെ മെറ്റലുകൾ നീക്കിയശേഷം 6.45ഓടെയാണ് ബസ് മുന്നോട്ടെടുത്തത്. ഈ സമയമത്രയും ഗതാഗതം തടസ്സപ്പെട്ടു.