op

 ഒ.പി ഇനി രാവിലെ ഒമ്പതു മുതൽ ആറുവരെ

പൂച്ചാക്കൽ: തൈക്കാട്ടുശേരി ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ സായാഹ്ന ഒ.പി ആഗസ്റ്റ് ഒന്നിന് ആരംഭിക്കും.

തൈക്കാട്ടുശേരി, അരൂക്കുറ്റി, പെരുമ്പളം എന്നീ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിൽ രാവിലെ ഒമ്പതു മുതൽ ഉച്ചവരെ ആയിരുന്ന ഒ.പി വൈകിട്ട് ആറുവരെയാണ് ദീർഘിപ്പിച്ചത്. ഉദ്ഘാടനം 30ന് അരൂക്കുറ്റി സി.എച്ച്.സിയിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ശെൽവരാജ് നിർവഹിക്കും.

സമയം ദീർഘിപ്പിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ഡിസംബറിൽ പ്രഖ്യാപനം വന്നെങ്കിലും ജീവനക്കാരുടെ കുറവ് മൂലം തൈക്കാട്ടുശേരി ബ്ലോക്കിലെ ആശുപത്രികളിൽ നടപ്പാക്കാനായില്ല. ഡോക്ടർമാരുടെയും ഫാർമസിസ്റ്റുകളുടെയും കുറവാണ് പ്രധാന തടസമായത്. എൻ.എച്ച്.എം പ്രകാരം താത്കാലികമായി മൂന്ന് ആശുപത്രികളിലേക്ക് ഓരോ ഡോക്ടർമാരെയും ഫാർമസിസ്റ്റുകളെയും നിയമിച്ചുകൊണ്ടാണ് പ്രശ്നം പരിഹരിച്ചത്. മുൻപ് അരൂക്കുറ്റിയിലും തൈക്കാട്ടുശേരിയിലും സായാഹ്ന ഒ.പി ആരംഭിച്ചിരുന്നെങ്കിലും ഡോക്ടറുടെയും ഇതര ജീവനക്കാരുടെയും കുറവുമൂലം രണ്ടുവർഷം മുൻപ് പ്രവർത്തനം മുടങ്ങിയിരുന്നു.

ഉച്ചയ്ക്കുശേഷം ഒ.പി ഇല്ലാത്തതിനാൽ പല ആശുപത്രികളിലും രാവിലെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. ഏറെനേരം ക്യൂ നിന്നു വലഞ്ഞാണ് ഒട്ടുമിക്കപേരും ഡോക്ടർമാരെ കാണുന്നത്. തുടർന്ന് ഫാർമസികൾക്കു മുമ്പിലും ക്യൂ നിൽക്കണമായിരുന്നു. ഈ ബുദ്ധിമുട്ടുകൾ കാരണം പലരും പ്രദേശത്തെ സ്വകാര്യ ആശുപത്രികളിലാണ് ആശ്വാസം തേടിയിരുന്നത്.

...........................................

'ഒ.പി സമയം ദീർഘിപ്പിച്ചത് രോഗികൾക്ക് ഏറെ ആശ്വാസകരമാവും. പരിമിതമായ ഒ.പി സമയം മൂലം ആശുപത്രികളിൽ ഉണ്ടാകുന്ന തിരക്കിന് ഇതോടെ പരിഹാരമാവും'

(നിർമ്മല ശെൽവരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)