ചേർത്തല: നിപ വൈറസ് ഭീതി ഇടയ്ക്കിടെ തലപൊക്കവേ, ചേർത്തല തെക്ക് പഞ്ചായത്തിൽ കുറുപ്പംകുളങ്ങര ചിന്നൻകവലയ്ക്കു സമീപം വർഷങ്ങളായി പൂട്ടിക്കിടക്കുന്ന സ്വകാര്യ ഗോഡൗണിൽ 150ൽപ്പരം ചെറിയ വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത് ആശങ്ക പരത്തി. രൂക്ഷമായ ദുർഗന്ധത്തെത്തുടർന്ന് നാട്ടുകാരുടെ പരാതിയിലാണ് പഞ്ചായത്ത്, ആരോഗ്യ വകുപ്പ് ജീവനക്കാരും പൊലീസുമെത്തി പരിശോധിച്ചത്. വവ്വാലുകളെ കണ്ട വിവരം അറിയിച്ചതിനെ തുടർന്ന് മൃഗസംരക്ഷണ വകുപ്പുമെത്തി.
നിപ സംശയം ദൂരീകരിക്കാൻ വവ്വാലുകളുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. നിപ്പ പ്രതിരോധത്തിന് ഉപയോഗിക്കുന്ന സംരക്ഷണ കവചം ധരിച്ചാണ് മൃഗസംരക്ഷണ ഉദ്യോഗസ്ഥർ ഗോഡൗണിൽ കയറി പരിശോധിച്ചത്. വകുപ്പിന്റെ പാലോട്, തിരുവല്ല ലാബുകളിലേക്കാണ് സാമ്പിളുകൾ അയച്ചിരിക്കുന്നത്. ഫലം ഉടൻ ലഭിക്കുമെന്നു അധികൃതർ പറഞ്ഞു. ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും നേതൃത്വത്തിൽ ഗോഡൗൺ ശുചീകരിച്ച് ചത്ത വവ്വാലുകളെ സമീപത്തു തന്നെ കുഴിച്ചിട്ടിരിക്കുകയാണ്. പരിശോധനാ ഫലം വന്നശേഷം സംസ്‌കരിക്കും.
എന്നാൽ, വവ്വാലുകളെ കുഴിച്ചു മൂടിയിട്ടും ദുർഗന്ധം മാറുന്നില്ലെന്നു പ്രദേശവാസികൾ പരാതിപ്പെട്ടു. കുഴിച്ചു മൂടിയ പ്രദേശത്തും സമീപ വീടുകളിലും അണുനാശിനികളും പുകയ്ക്കാനുള്ള പൊടികളും ആരോഗ്യ വകുപ്പ് നൽകിയിട്ടുണ്ട്. ദുർഗന്ധം മൂലം ഛർദ്ദി, വയറിളക്ക രോഗങ്ങളും പ്രദേശവാസികൾക്ക് പിടിപെടുന്നുണ്ട്.
ചത്തത് ശ്വാസംമുട്ടി?
വവ്വാലുകൾ ചത്തത് നിപ്പ മൂലമല്ലെന്നുള്ള പ്രാഥമിക നിഗമനമാണ് മൃഗസംരക്ഷണ വകുപ്പിനുള്ളത്. ഗോഡൗണിന്റെ ഒരു വാതിൽ തുറന്നാണ് കിടന്നിരുന്നത്. ഇതിലൂടെയാണ് വവ്വാലുകൾ പ്രവേശിക്കുന്നത്. മഴയിലും കാറ്റിലും വാതിൽ അടഞ്ഞുപോയതു മൂലം ഇവ ശ്വാസംമുട്ടി ചത്തതാകാമെന്നും മഴയിൽ ചീഞ്ഞതാകാം വലിയ ദുർഗന്ധത്തിനു കാരണമായതെന്നും അധികൃതർ പറയുന്നു.