krishi

ആലപ്പുഴ: ജില്ലയിൽ പ്രധാനമന്ത്രി കിസാൻ സമ്മാൻ പദ്ധതിയിൽ അപേക്ഷിച്ച 64,752 പേർക്ക് ആനുകൂല്യം കിട്ടാൻ വൈകും. തെറ്റുകൾ കണ്ടെത്തിയതിനെതുടർന്ന് ഇത്രയും അപേക്ഷകൾ കൃഷിഭവനുകളിലേക്ക് കേന്ദ്രം തിരിച്ചയച്ചു. തെറ്റ് തിരുത്തി വീണ്ടും അപേക്ഷിച്ചാൽ ആനുകൂല്യം ലഭിക്കും. അല്ലാത്തവ തള്ളും.

പിഎം കിസാൻ വെബ് പോർട്ടിലിൽ തിരുത്തൽ നടത്തിയാൽ അനുകൂല്യം ലഭിക്കുമെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. ആദ്യം അപേക്ഷ സമർപ്പിച്ച കൃഷിഭവനുകൾ വഴിയാണ് തെറ്റുതിരുത്തേണ്ടതും. പദ്ധതിയിലേക്ക് അപേക്ഷിക്കാൻ പ്രത്യേക സമയപരിധിയില്ലാത്തതിനാൽ പുതിയ അപേക്ഷകർക്കും ചേരാം. തെറ്റുകൾ തിരുത്തിയിട്ടും ധനസഹായം ലഭ്യമാകാത്തവർ പുതിയ അപേക്ഷ സമർപ്പിക്കണം.

ബാങ്ക് അക്കൗണ്ടിൽ ആധാർ ലിങ്ക് ചെയ്യാതെ പോയ അപേക്ഷകളാണ് തിരിച്ചയച്ചവയിലധികവും. വർഷങ്ങൾക്ക് മുമ്പ് തുടങ്ങുകയും പിന്നീട് ഇടപാടുകൾ നടത്താതെ പോയതുമായ അക്കൗണ്ടുകൾ ബാങ്കുകൾ നിറുത്തലാക്കിയിരുന്നു. ഇത്തരം അക്കൗണ്ടുകളുടെ അക്കൗണ്ട് നമ്പരാണ് പലരും അപേക്ഷയിൽ ചേർത്തത്. ഇവർക്ക് ആനുകൂല്യം കിട്ടണമെങ്കിൽ പുതിയ അക്കൗണ്ട് തുടങ്ങണം.

സംസ്ഥാന സർക്കാരിന്റെ ലാൻഡ‌് റെക്കോർഡിൽ 2019 ഫെബ്രുവരി ഒന്നിന് രണ്ട് ഹെക്ടറിൽ താഴെ കൃഷി ഭൂമി കൈവശമുള്ള ചെറുകിട നാമമാത്ര കർഷകർക്കാണ് പദ്ധതിയുടെ ആനുകൂല്യം . എന്നാൽ സ്വന്തം സ്ഥാപനത്തോടനുബന്ധിച്ചുള്ള വസ്തു ഉടമകൾക്ക് ആനുകൂല്യം ലഭിക്കില്ല. ഒരു വർഷത്തേക്ക് ഒരു കുടുംബത്തിന് 6000 രൂപയാണ് ലഭിക്കുന്നത്. മൂന്ന് തവണയായി തുക ബാങ്ക് അക്കൗണ്ടിലെത്തും. ജില്ലയിൽ ചാരുമൂട്ടിൽ നിന്നാണ് കൂടുതൽ അപേക്ഷകൾ ലഭിച്ചത്.

........

ഇവർക്ക് ആനുകൂല്യമില്ല

# ഭരണഘടനാ സ്ഥാപനങ്ങളിൽ നിലവിൽ ജോലിചെയ്യുന്നവർക്കും മുമ്പ് ജോലി ചെയ്തിരുന്നവർക്കും

# മന്ത്രിമാർ മുതൽ ജില്ലാപഞ്ചായത്ത് അദ്ധ്യക്ഷൻമാർവരെയുള്ളവർ

# കേന്ദ്ര-സംസ്ഥാന സർക്കാർ ഒാഫീസുകളിലും സ്വയം ഭരണ സ്ഥാപനങ്ങളിലും സേവനം ചെയ്യുന്നവരും വിരമിച്ചവരും

# പ്രതിമാസം 10000 രൂപയിൽ കൂടുതൽ പെൻഷൻ ലഭിക്കുന്നവർ

# കഴിഞ്ഞ വർഷം ആദായ നികുതി അടച്ചവർ

# പൊഫ്രഷണൽ ജോലിയുള്ളവ‌ർ

......

# ജില്ലയിലെ മൊത്തം അപേക്ഷകർ .............. 245000

# ഇതുവരെ നൽകിയ തുക ........................... 44.169 കോടി

# ആദ്യഗഡു കിട്ടിയവർ............................ 120931

# രണ്ടാം ഗഡുകിട്ടിയവർ.......................... 99917

# തെറ്റായ അപേക്ഷകൾ ................................ 64752

........

# അപേക്ഷിക്കാൻ

കൂടുതൽ വിവരങ്ങളും അപേക്ഷ ഫോമും കൃഷി വകുപ്പിന്റെ www.keralagriculture.gov.in ൽ

ടോൾ ഫ്രീ നമ്പർ 1800-425-1661,1800-180-1511. വാട്സാപ്പ് നമ്പർ: 9447051661.

......

''ഇപ്പോഴും കൃഷി ഭവൻ വഴി പുതിയ അപേക്ഷകൾ സ്വീകരിക്കുന്നുണ്ട്. പുതിയ അപേക്ഷകൾ പിഎം കിസാൻ വെബ് പോർട്ടിലേക്ക് അയക്കുന്നുണ്ട്. ആദ്യഗഡുലഭ്യമാകാത്തവർ അപേക്ഷയിൽ തെറ്റുണ്ടോയെന്ന് പരിശോധിക്കണം.

(കൃഷി വകുപ്പ് അധികൃതർ)