kanam

ആലപ്പുഴ: സി.പി.എെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ പോസ്റ്റർ പതിച്ചതിന് രണ്ട് എ.എെ.വൈ.എഫ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ കമ്മിറ്റി അംഗം ജയേഷ്, ആലപ്പുഴ മണ്ഡലം കമ്മിറ്റി അംഗം ഷിജു എന്നിവരാണ് പിടിയിലായത്. ഇവർ വന്ന കാർ ഓടിച്ചിരുന്ന കിസാൻസഭ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ റെഡ്യാർ ബംഗളൂരുവിലാണ്. കാർ കസ്റ്റഡിയിലെടുത്തു.

സി.പി.എെ ജില്ലാ കൗൺസിലിൽ ഓഫീസിന്റെ മതിലിലും മറ്റ് ചില ഓഫീസുകൾക്ക് മുന്നിലെ ചുവരുകളിലുമാണ് 'കാനത്തെ മാറ്റൂ, സി.പി.എെയെ രക്ഷിക്കൂ" എന്നെഴുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പതിച്ചത്. പോസ്റ്ററിൽ 'തിരുത്തൽ വാദികൾ സി.പി.എെ അമ്പലപ്പുഴ" എന്നാണ് രേഖപ്പെടുത്തിയിരുന്നത്. അന്വേഷണം നടത്തി കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസ് മുഖ്യമന്ത്രിക്കും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു.

പോസ്റ്റർ ഒട്ടിക്കാൻ വന്നവരുടെ ദൃശ്യം ഒരു സ്ഥാപനത്തിന്റെ സി.സി.ടിവിയിൽ പതിഞ്ഞിരുന്നു. ഇതിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കാർ പുന്നപ്രയിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. വിവാഹാവശ്യത്തിനെന്ന് പറഞ്ഞ് കൃഷ്ണകുമാർ റെഡ്യാരാണ് കാർ കൊണ്ടുപോയതെന്ന് ഉ‌ടമ പൊലീസിനോട് പറഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും പിടിയിലായത്. കൃഷ്ണകുമാറിനെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ബംഗളൂരുവിലാണെന്നും സ്ഥലത്ത് എത്തിയാലുടൻ സ്റ്റേഷനിൽ ഹാജരാകാമെന്നും അറിയിച്ചതായി പൊലീസ് പറഞ്ഞു.

കാറിൽ നിന്ന് പോസ്റ്റർ ഒട്ടിക്കാൻ കൊണ്ടുവന്നതിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്.

പിന്നിൽ കാനത്തിന്റെ

ഗ്രൂപ്പിലെ ആൾക്കാർ?

ആലപ്പുഴയിൽ കാനം വിഭാഗവും കെ.ഇ. ഇസ്മയിൽ വിഭാഗവും വളരെ ശക്തമാണ്. പിടിയിലായവർ കാനം വിഭാഗക്കാരാണ്. ഇസ്മയിൽ വിഭാഗം ചെയ്തതായി വരുത്തിതീർക്കാനായിരുന്നു പദ്ധതി എന്നറിയുന്നു. പോസ്റ്റർ ഒട്ടിച്ചതിന് പിന്നിൽ അമ്പലപ്പുഴ മണ്ഡലം കമ്മിറ്റിയിലെ പല സി.പി.എെ നേതാക്കൾക്കും പങ്കുള്ളതായാണ് സൂചന. ആലപ്പുഴ നഗരത്തിൽ നേരത്തേ സി.പി.എെക്ക് ഒരു കമ്മിറ്റിയേ ഉണ്ടായിരുന്നുള്ളൂ. ഇത് ആലപ്പുഴ, അമ്പലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റികളായി വിഭജിച്ചു. രണ്ട് കമ്മിറ്റികളുടെയും സെക്രട്ടറിയായി കാനം പക്ഷക്കാരെ വച്ചു. ഇസ്മയിൽ പക്ഷക്കാരെ തഴഞ്ഞതിൽ പ്രതിഷേധിച്ച് ആലപ്പുഴ മണ്ഡലം മുൻ സെക്രട്ടറി വി.എം. ഹരിഹരന്റെ നേതൃത്വത്തിൽ ഒരുവിഭാഗം രാജിവച്ച് സി.പി.എമ്മിൽ ചേർന്നിരുന്നു.

സി.പി.ഐയിൽ നിന്ന് പുറത്താക്കി

പോസ്റ്റർ പതിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിൽ ആരോപണവിധേയരായ കെ.യു.ജയേഷ്,ഷിജു,കൃഷ്ണകുമാർ റെഡ്യാർ എന്നിവരെ സി.പി.ഐയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയതായി അമ്പലപ്പുഴ മണ്ഡലം സെക്രട്ടറി ഇ.കെ.ജയൻ അറിയിച്ചു.