കുട്ടനാട്: സിമോദിന്റെ ജീവൻ നിലനിർത്താൻ എടത്വാ ഇന്ന് ഒന്നാകും. എടത്വ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡ് കരീശേരിൽ ഗോപിയുടെ മകനാണ് കെ.ജി. സിമോദ് (34). പെയിന്റിംഗ് ജോലിക്കിടെ രക്തസമ്മർദ്ദം കൂടി തലച്ചോറിലെ ഞരമ്പ് പൊട്ടി അതീവ ഗുരുതരാവസ്ഥയിൽ വൈക്കം ഇൻഡോഅമേരിക്കൻ ആശുപത്രിയിൽ ചികിത്സയിലാണ് സിമോദ്.
അടിയന്തര ശസ്ത്രക്രിയയ്ക്കായി പാവപ്പെട്ട ഈ കുടുംബം ഇപ്പോൾ തന്നെ ലക്ഷങ്ങൾ ചെലവഴിച്ചുകഴിഞ്ഞു. കൂടുതൽ ചെലവേറിയ അടിയന്തിര ശസ്ത്രക്രിയ നടത്തിയെങ്കിലേ സിമോദിന്റെ ജീവൻ നിലനിർത്താൻ കഴിയൂ. അതിനായി ലക്ഷങ്ങൾ വേണ്ടിവരും.കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ഭാര്യയും ഒരു മകനും അടങ്ങിയ നിർദ്ധന കുടുംബത്തിന് ഓപ്പറേഷന് വേണ്ടിവരുന്ന വലിയ തുക കണ്ടെത്തുവാൻ കഴിവില്ലെന്നതാണ് സ്ഥിതി.
ധനസമാഹരണം ഇന്ന്
ഈ സാഹചര്യത്തിൽ കെ.ജി. സിമോദ് ജീവൻ രക്ഷാ സമിതി രൂപീകരിച്ച് എടത്വ ഗ്രാമപഞ്ചായത്തിലെ മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് വാർഡുകളിലാണ് ഇന്ന് ധനസമാഹരണം നടത്തുക. സമിതി രക്ഷാധികാരികളായ ഫാ. മാത്യു ചൂരവടി, അജയകുമാർ കരിശേരിൽ എന്നിവരുടെ നേതൃത്വത്തിലാണ് ധനസമാഹരണം.