തുറവൂർ: ഗതാഗത യോഗ്യമല്ലാതായ എൻ.സി.സി.കവല --തുറവൂർ റെയിൽവേ സ്റ്റേഷൻ റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് റോഡ് സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ റോഡ് ഉപരോധിച്ചു. അഞ്ച് വർഷമായി തകർന്നു കുണ്ടും കുഴിയുമായി കിടക്കുന്ന എൻ.സി.സി.റോഡിൽ കാൽനട യാത്ര പോലും ദുരിത പൂർണ്ണമാണ്. ട്രെയിൻ യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളുമുൾപ്പടെ നൂറ് കണക്കിന് പേർ ആശ്രയിക്കുന്ന റോഡിലൂടെ രോഗികളെ ആശൂപത്രിയിൽ എത്തിക്കാൻ ഓട്ടോറിക്ഷാപോലും ഓട്ടം വരാത്ത സ്ഥിതിയാണ്.ഈ സാഹചര്യത്തിലാണ് നാട്ടുകാർ ഒത്തുചേർന്ന് റോഡിൽ ജനകീയ ഉപരോധം സംഘടിപ്പിച്ചത്. നിരവധി വാഹനങ്ങൾ നിരത്തി ഒരു മണിക്കൂർ നേരം നീണ്ട സമരത്തിൽ സ്കൂൾ വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെ നൂറ് കണക്കിന് പേർ പങ്കെടുത്തു. ഉപരോധസമരം സമിതി കൺവീനറും കെ.പി.എം.എസ്.സംസ്ഥാന ജനറൽ സെക്രട്ടറിയുമായ തുറവുർ സുരേഷ് ഉദ്ഘാടനം ചെയ്തു. സി. ജെ.രജിമോൻ അദ്ധ്യക്ഷത വഹിച്ചു. കെ എം നാസറുദ്ദീൻ, എൻ.ആർ. വിജയൻ, ഓമന നാരായണൻ ,നൗഫൽ സെയ്തുമുഹമ്മദ് എന്നിവർ സംസാരിച്ചു. മുഹമ്മദ് കാനീഷ്, സലിം എ ഗഫൂർ, ഷിബു സുധാകരൻ, അനൂപ്, നിസാർ മംഗലത്ത്, ലത്തീഫ് തട്ടാപറമ്പ് ,എം. ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.
ചിത്രവിവരണം: തുറവുർ എൻ.സി.സി.റോഡ് പുനർനിർമ്മിക്കണമെന്നാവശ്യപ്പെട്ട് നടന്ന ജനകീയ ഉപരോധസമരം തുറവുർ സുരേഷ് ഉദ്ഘാടനം ചെയ്യുന്നു.