മാവേലിക്കര: ഡൽഹി പാർലമെന്റ് ആഡിറ്റോറിയത്തിൽ ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾക്കുവേണ്ടി നടത്തിയ 'ദിവ്യകല ശക്തി' പരിപാടിയിൽ കേരളത്തിന്റെ അഭിമാനമായി കൺമണി. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും പങ്കെടുത്ത പരിപാടിയിലാണ് കൺമണി കേരളത്തെ പ്രതിനിധീകരിച്ചത്.
കുട്ടികൾക്കൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്. ജന്മനാ കൈകൾ ഇല്ലാത്ത കൺമണിക്ക് രാഷ്ട്രപതി ഭക്ഷണം വാരി നൽകി. 150ൽ പരം വേദികളിൽ കച്ചേരി അവതരിപ്പിച്ച കൺമണി സംസ്ഥാന കലോത്സവത്തിൽ നിരവധി വർഷങ്ങളിൽ മിന്നും താരമായിരുന്നു.
കൺമണി കാലു കൊണ്ട് വരച്ച, രാഷ്ട്രപതിയുടെ ചിത്രം നേരത്തെ അദ്ദേഹത്തിന് കൈമാറിയിരുന്നു. ഡൽഹി ഐ.പി.എച്ച് ഓഫീസിൽ നടന്ന പരിപാടിയിൽ കൺമണി വരച്ച ചിത്രങ്ങളുടെ എക്സിബിഷനും നടന്നു. താമരക്കുളം വി.വി.എച്ച്.എസ്.എസിൽ നിന്ന് 85 ശതമാനം മാർക്കോടെ പ്ലസ്ടു വിജയിച്ച കൺമണി ഇപ്പോൾ തിരുവന്തപുരം ശ്രീ സ്വാതി തിരുനാൾ സംഗീത കോളേജിൽ ബി.എ മ്യൂസിക് വിദ്യാർത്ഥിയാണ്.